”വിമർശിക്കാനുള്ള അവകാശം എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ല…” അൽഫോൻസ് കണ്ണന്താനം .Issue! II എക്സൽ 2020

വിമർശിക്കാനുള്ള പൗരൻറെ അവകാശം എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജ് ടെക്നോ മാനേജീരീയൽ ഫെസ്റ്റായ എക്സൽ 2020 യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ജനാധിപത്യവും വിയോജിപ്പും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മുൻ എം.പി.സെബാസ്റ്റ്യൻ പോൾ, ഐ.എ.എസ് ഓഫിസറായി വിരമിച്ച കണ്ണൻ ഗോപിനാഥൻ, റിട്ട. എസ്.പി. ജോർജ്ജ് ജോസഫ്, ചലച്ചിത്ര നടിയും അഭിഭാഷകയുമായ അപൂർവ്വ ബോസ് എന്നിവർ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വേർച്വൽ പ്ലാറ്റ് ഫോമിലൂടെയാണ് എക്സലിന്റെ 21-ാം പതിപ്പ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയത്. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ ആധുനികമായ പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ടെക്നോ മാനേജീരീയൽ ഫെസ്റ്റായ എക്സൽ 2020 സംഘടിപ്പിച്ചത്. ഒന്നാം ദിവസം മുതൽ അവസാന ദിവസം വരെ യുവ മനസുകളുടെ നവീകരണത്തിന് ആവശ്യമാം വിധം എക്സൽ മുന്നേറി. എക്സലിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റായ IBeTo( ഐ ബിടൊ ) രാജ്യമൊട്ടാകെയുള്ള പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി .
അന്തർദേശിയ തലത്തിൽ നടന്ന wise ( Women in Stem),ഡോട്ട് ഇഷ്യൂ (.issue!) എന്നീ കോൺഫറൻസുകളും വിജയകരമായി പൂർത്തിയായി. യുഎപിഎ പോലെയുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളിൽ ആവേശകരമായ ചർച്ചയാണ് ഡോട്ട് ഇഷ്യൂ വഴി സാധ്യമായത്. 24 ന്യൂസ് ചാനൽ അവതാരക ക്രിസ്റ്റീന ചെറിയാൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.വിദ്യാർത്ഥികളുടെ സാമൂഹിക പരമായ ചിന്ത വളർത്താനും ,സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനും ഈ ചർച്ച സഹായകമായി.
ടെക്നിക്കൽ – ജനറൽ ഇവന്റുകളായ വേവ് ക്ലോണിങ്ങ്, ലൈഫ്‌ലൈൻ, ലോഡ് ഓഫ് കോഡ്‌സ് പോലെയുള്ള മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ആവേശ്വോജ്ജലമായ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്ന വെബിനാർ സീരിസുകൾ ,വർക്ക് ഷോപ്പുകളുമെല്ലാം വിജയകരമായി പൂർത്തിയാവുകയും അതുവഴി വിദ്യാർത്ഥികളുടെ ശാസ്ത്രീയ അവബോധം വർധിപ്പിക്കുകയും ചെയ്തു. മഹാമാരിക്കിടയിലും മികച്ച പങ്കാളിത്തത്തോടെ ദേശീയത്തലത്തിൽ ശ്രദ്ധ നേടിക്കൊണ്ട് എക്സലിന്റെ ഈ 21-ാം പതിപ്പ് വിജയകരമായി പര്യവസാനിച്ചു.
Story Highlights – alphonse kannanthanam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here