ബർ‌മീസ് രാഷ്ട്രപിതാവ് ഓങ്സാനെ വധിച്ച സംഭവം ലോകത്തെ അറിയിച്ചത് മലയാളി പത്രപ്രവർത്തകൻ

-പി.പി.ജെയിംസ്

മ്യാൻമറിൽ (പഴയ ബർമ) പട്ടാള വിപ്ലവത്തിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടപ്പോൾ, രാജ്യത്തിന്റെ രാഷ്ട്രപിതാവ് ഓങ്സാൻ 1947 ൽ നാടകീയമായി സൈന്യത്താൽ വധിക്കപ്പെട്ടത് ഓർത്ത് പോവുന്നു. അന്ന് റോയിട്ടേഴ്സിന്റെ ബർമയിലെ ചീഫായിരുന്ന മലയാളി എം ശിവറാമിന്റെ ലോകത്തെ നടുക്കിയ വാർത്താ റിപ്പോർട്ടിങ്ങാണ് പഴമക്കാരുടെ ഓർമയിലുണ്ടാവുക. ഓങ്സാനിന്റെ പുത്രിയാണ് ഇപ്പോൾ വീട്ടുതടങ്കലിലായ ഓങ്സാൻ സൂചി എന്നുകൂടി ഓർക്കണം.

around the world

കൃത്യമായി പറഞ്ഞാൽ 1947 ജൂലൈ 19 രാവിലെ 10.30ന്. എം ശിവറാമും മറ്റൊരു പത്രപ്രവർത്തകനും അന്നത്തെ ബർമീസ് തലസ്ഥാനമായ റം​ഗൂണിലെ ഭരണ സിരാ കേന്ദ്രത്തിന് സമീപം നിൽക്കുകയായിരുന്നു. പെട്ടെന്ന് സായുധരായ പട്ടാളക്കാരുമായി ഒരു സൈനിക ജീപ്പ് സെക്രട്ടേറിയേറ്റിലേക്ക് ഇരച്ചുപാഞ്ഞു വരുന്നു. എം. ശിവറാമും സുഹൃത്തുത്തും തൊട്ടടുത്തുള്ള കെട്ടിടത്തിന് പിന്നിലേക്ക് മാറി. നിമിഷങ്ങൾക്കകം അതേ വേ​ഗത്തിൽ തിരിച്ചുപോയി. അപ്പോഴാണ് ശിവറാം അപകടം മണത്തത്.

ഇടക്കാല മന്ത്രിസഭയിൽ പ്രധാനമന്ത്രിയായിരുന്ന ഓങ്സാൻ സെക്രട്ടേറിയേറ്റിൽ മന്ത്രിസഭാ യോ​ഗം ചേർന്ന് കൊണ്ടിരിക്കുകയായിരുന്നു. പട്ടാള വാഹനം തിരിച്ചുപോയതിന് പിന്നാലെ ശിവറാം സെക്രട്ടേറിയേറ്റിലേക്ക് ഓടിക്കയറി. കവാടത്തിൽ തന്നെ ​ഗാർഡുകൾ വെടിയേറ്റ് മരിച്ചു കിടക്കുന്നു. മന്ത്രിസഭാ യോ​ഗം നടക്കുന്ന ഹാളിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഓങ്സാനും മന്ത്രിമാരും വെടിയേറ്റ് മരിച്ചുകിടക്കുന്നു. മറ്റൊന്നും ചിന്തിച്ചില്ല. അടുത്ത ടെലി​ഗ്രാം ഓഫിസിലേക്ക് ഓടി. ബർമീസ് പ്രൈം മിനിസ്റ്റർ ആന്റ് മിനിസ്റ്റേഴ്സ് കിൽഡ് ഇൻ എ മിലിറ്ററി കൂപ്പ്- എം ശിവറാം, റോയിറ്റേഴ്സ്. ആദ്യ വാചകം ടെലിപ്രിന്ററിൽ അടിച്ചുവിട്ടതിന് പിന്നാലെ ബർമയും ലോകവും തമ്മിലുള്ള വാർത്താ വിനിമയ ബന്ധം പട്ടാളം വിച്ഛേദിച്ചു. കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണമെടുക്കാൻ മന്ത്രിസഭാ ഹാളിൽ തങ്ങിയ സുഹൃത്തായ പത്രപ്രവർത്തകന് വാർത്ത കൊടുക്കാനും കഴിഞ്ഞില്ല.

ബർമയുമായി ബന്ധം നഷ്ടപ്പെട്ടതുകൊണ്ട് പുറംലോകത്തിന് ഒരേയൊരു വിവരമേ ലഭിച്ചുള്ളു. അതും എം ശിവറാമിന്റെ ബൈലൈനിൽ റോയിട്ടേഴ്സിലേക്ക് അയച്ച ആദ്യ വാചകം. ലോകമെമ്പാടുമുള്ള പത്രങ്ങളും റേഡിയോയും ടെലിവിഷനും അന്ന് എം ശിവറാമിന്റെ പേരിലാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകരാഷ്ട്രത്തലവൻമാർ ആശ്രയിച്ചതും ശിവറാമിന്റെ വാർത്ത തന്നെ. പിന്നീട്, 48 മണിക്കൂറിന് ശേഷം ബർമയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് കൂടുതൽ വാർത്തകൾ ലോകം അറിഞ്ഞത്. രണ്ട് ദിവസം എം ശിവറാമിന്റെ ഒരു വരി വാർത്തയിൽ ലോകം നടുങ്ങി നിന്നു.

ലോകത്തെ അമ്പരിപ്പിച്ച വേൾഡ് എക്സ്ക്ലൂസിവ് വാർത്തയായാണ് ഇന്നും എം ശിവറാമിന്റെ ഓങ്സാൻ സംഭവം അറിയപ്പെടുന്നത്. ശിവറാം, പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബിൽ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം തുടങ്ങിയതും ചരിത്രം.

ഓങ്സാൻ ഇപ്പോൾ മ്യാൻമറിന്റെ രാഷ്ട്രപിതാവാണ്.

മ്യാൻമറിൽ പട്ടാള വിപ്ലവം ഉണ്ടാവില്ലെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയമായി പട്ടാളം ഭരണം പിടിച്ചതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. അരനൂറ്റാണ്ടായി മ്യാൻമറിനെ ഭരിച്ച പട്ടാളം ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്നതിൽ പാടവം തെളിയിച്ചവരാണ്. വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ച് ന​ഗരങ്ങളിൽ സൈന്യം കാവൽനിൽക്കുന്നു. 1991-ലെ നൊബേൽ സമ്മാന ജേതാവും ഭരണകക്ഷിയായ നാഷണൽ ലീ​ഗ് ഫോർ ഡെമോക്രസിയുടെ നേതാവുമായ ഓങ്സാൻ സൂചിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത് ജനകീയ പ്രക്ഷോഭത്തെ ഭയന്നുകൊണ്ടുള്ള നടപടി തന്നെയാണ്. 1989 മുതൽ രണ്ട് ദശാബ്ദക്കാലം സൂചിയെ വീട്ടു തടങ്കലിൽ ആക്കിയിരുന്ന പട്ടാളം അവരെ പുറത്തേക്ക് വിട്ടതുതന്നെ രാജ്യത്തിന്റെ പരമോന്നത പദവി അവകാശപ്പെടില്ല എന്ന ഉറപ്പുവാങ്ങിയാണ്. എന്തായാലും 2015-ലും, 2020 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അവരുടെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ പിൻ സീറ്റിൽ ഇരുന്ന് ഭരണം നടത്തിയതും അവർ തന്നെ.

2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയോടെ പ്രതിപക്ഷ പാർട്ടി വിജയിക്കുമെന്ന് അവർ കണക്ക് കൂട്ടിയിരുന്നു. എന്നാൽ, എൺപത്തി മൂന്ന് ശതമാനം വോട്ട് നേടി സൂചിയുടെ പാർട്ടി വീണ്ടും അധികാരത്തിലെത്തിയത് മ്യാൻമറിൽ ഏറെ ശക്തരായ സൈന്യത്തെ അസ്വസ്ഥരാക്കി. 1962 മുതൽ 2011 വരെ അധികാരത്തിന്റെ രുചിയും പ്രതാപവും അനുഭവിച്ച സൈന്യത്തിന് മാറി നിൽക്കുക എളുപ്പമായിരുന്നില്ല. രണ്ടു മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഓങ്സാൻ സൂചിയുടെ പാർട്ടി വൻ ക്രമക്കേട് നടത്തിയെന്നാണ് സൈന്യത്തിന്റെ ആക്ഷേപം.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനോട് യോജിച്ചില്ല. തുടർന്നാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. അതിന്റെ ഭാ​ഗമായി ടെലിവിഷൻ ചാനലുകളെയും ഇന്റർനെറ്റ് സംവിധാനങ്ങളെയും നിശബ്ദരാക്കി. പട്ടാളത്തിന്റെ ഔദ്യോ​ഗിക ടെലിവിഷൻ ചാനൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവർ ഒഴിഞ്ഞുപോകാൻ സാധ്യത കുറവാണ്.

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചത് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെ അസ്വസ്ഥമാക്കി. പട്ടാളം പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രഖ്യാപിച്ചു. സാമ്പത്തിക, സൈനിക ഉപരോധം ഉടൻ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഈ രാജ്യങ്ങൾ. മ്യാൻമർ പട്ടാളം ഭയക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള ഈ സമ്മർദങ്ങളെയാണ്.

അയൽ രാജ്യമായ മ്യാൻമറിലെ സംഭവ വികാസങ്ങൾ ഇന്ത്യയും ചൈനയും സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നതും പ്രതികരിക്കുന്നതും. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷത്തിലായതുകൊണ്ട് മ്യാൻമറിനെ പിണക്കാൻ ഇരുകൂട്ടർക്കും താത്പര്യമില്ല. ജനാധിപത്യം നിലനിൽക്കുമെന്ന് പറഞ്ഞ ഇന്ത്യ, എന്നാൽ മ്യാൻമറിലെ സൈന്യത്തെ കുറ്റപ്പെടുത്തിയില്ല. മ്യാൻമറിൽ സ്ഥിരത നിലനിൽക്കട്ടെ എന്ന് മാത്രമാണ് ചൈന പറഞ്ഞത്.

മ്യാൻമറിൽ റോഹിം​ഗ്യൻ മുസ്ലീങ്ങളെ ഭരണകൂടം പീഡിപ്പിച്ചപ്പോഴും ഇന്ത്യ പരിധിവിട്ട് പ്രതികരിച്ചിരുന്നില്ല. റോഹിം​ഗ്യൻ മുസ്ലിങ്ങൾക്ക് അഭയം നൽകാൻ ഇന്ത്യ മുന്നോട്ടുവരാത്തതും മ്യാൻമറുമായുള്ള ബന്ധം കണക്കിലെടുത്താണ്. ജനകീയപോരാട്ടത്തിന് നേതൃത്വം നൽകി 1991ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനംനേടിയ സൂചിക്ക് അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ നഷ്ടം ഉണ്ടായതും റോഹിം​ഗ്യൻ മുസ്ലീങ്ങളുടെ പ്രശ്നത്തിലാണ്. വംശഹത്യയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന റോഹിം​ഗ്യൻ മുസ്ലീങ്ങളെ സംരക്ഷിക്കാൻ സൂചി ശ്രമിച്ചില്ല എന്നതായിരുന്നു ആരോപണം. ബം​ഗ്ലാദേശിലേക്കും മറ്റും ലക്ഷക്കണക്കിന് റോഹിം​ഗ്യൻ അഭയാർത്ഥികൾ പാലായനം നടത്തേണ്ടിവരുന്നത് സൂചിയുടെ കൂടി അലംഭാവം കൊണ്ടാണ്. സൂചിയുടെ കൈയിൽ നിന്ന് നൊബേൽ സമ്മാനം തിരികെ വാങ്ങണം എന്നുവരെ ആവശ്യം ഉയർന്നിരുന്നു.

എന്തായാലും, മ്യാൻമറിൽ ജനകീയ വേരുകളുള്ള സൂചിയെ തളയ്ക്കുക മ്യാൻമർ പട്ടാളത്തിന് അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് അന്താരാഷ്ട്ര സമ്മർദം ഉയർന്ന സാഹചര്യത്തിൽ.

Story Highlights – aung san assassination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top