Advertisement

കേന്ദ്ര ബജറ്റ്; സ്വകാര്യവത്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍

February 2, 2021
Google News 2 minutes Read

കേന്ദ്രബജറ്റിലെ സ്വകാര്യവത്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യത്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വില്‍പനാ തീരുമാനവും ആശങ്കപ്പെടുത്തുന്നതാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരസ്യ പ്രക്ഷോഭം അടക്കം ആരംഭിക്കാനാണ് സംഘടനയുടെ തിരുമാനം.

സംഘപരിവാര്‍ പാളയത്തില്‍ ആശങ്കയുടെ വിത്ത് ഇട്ടിരിക്കുകയാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. സ്വകാര്യവത്കരണ നീക്കങ്ങളില്‍ പരിധി കടന്ന നീക്കമാണ് നിര്‍മലാ സീതാരാമന്‍ ഇത്തവണത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സംഘപരിവാര്‍ സംഘടനകളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇത് കണ്ടില്ലെന്ന് നടിച്ച് പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ലെന്നാണ് അവരുടെ നിലപാട്. ആദ്യപടിയായി ചില സംഘടനകള്‍ സര്‍ക്കാരിനെ നേരിട്ട് പ്രതിഷേധം അറിയിക്കാന്‍ തിരുമാനിച്ചു. എന്നാല്‍ സ്വദേശി ജാഗരണ്‍ മഞ്ച് അടക്കമുള്ള ചില സംഘടനകള്‍ പ്രതിഷേധം ഇനി മറച്ച് വയ്‌ക്കേണ്ടതില്ല എന്ന കടുത്ത നിലപാടിലാണ്.

ഇന്‍ഷുറന്‍സ് കമ്പനികളില്‍ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കിയത്, എല്‍ഐസി പ്രഥമ ഓഹരി(ഐപിഒ) വില്‍പന ഈ വര്‍ഷം നടത്താനുള്ള തിരുമാനം, തന്ത്രപരമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നിര്‍ദ്ദേശം, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പവന്‍ഹംസ്, ബിപിസിഎല്‍, ഭാരത് ഏര്‍ത് മൂവേഴ്സ് തുടങ്ങിയവയുടെ സ്വകാര്യവത്കരണം, ഐഡിബി ബാങ്കിന്റെയും മറ്റു രണ്ടു പൊതുമേഖലാ ബാങ്കുകള്‍ടെയും ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെയും സ്വകാര്യവത്കരണം, സര്‍ക്കാരിന്റെ പക്കലുള്ള ഭൂമി വലിയതോതില്‍ വിറ്റഴിക്കാനുള്ള തിരുമാനം ഇവയൊന്നും അംഗീകരിക്കാനാവില്ലെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നിലപാട്.

ബജറ്റിലെ സ്വകാര്യവത്കരണ നിര്‍ദ്ദേശങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വില്‍പനാ തീരുമാനങ്ങളും ആശങ്കപ്പെടുത്തുന്നതാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പ്രതികരിച്ചു. നാഷണല്‍ കോ-കണ്‍ വീനര്‍ അശ്വനി മഹാജനാണ് ഇത് സംബന്ധിച്ച സംഘടനയുടെ നയം വ്യക്തമാക്കിയത്. തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കമുള്ളവയും കടുത്ത അതൃപ്തി ഇത്തരം നിര്‍ദ്ദേശങ്ങളോട് പ്രകടിപ്പിക്കുന്നു. സ്വകാര്യവത്കരണ തിരുമാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് തുടരുന്നതെങ്കില്‍ ശക്തമായ പരസ്യ എതിര്‍പ്പ് ഉയര്‍ത്തി സര്‍ക്കാരിനെതിരെ രംഗത്ത് എത്തുമെന്ന് മറ്റ് ചില സംഘപരിവാര്‍ സംഘടനകളും വ്യക്തമാക്കുന്നു.

Story Highlights – union budget; Sangh Parivar organizations express dissatisfaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here