പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1500 കോടി രൂപയുടെ ടിസിഎസ് നിക്ഷേപത്തിന് അനുമതി; 20,000 പേര്‍ക്ക് നേരിട്ട് തൊഴില്‍

തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. ടെക്‌നോപാര്‍ക്കും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിലാണ് ധാരണാപത്രം. ഈ പദ്ധതിക്കുവേണ്ടി 97 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കും.

ഐടി മേഖലയിലെ നൂതന സാങ്കേതിക വിദ്യകളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക് ചെയിന്‍, റോബോടിക്‌സ്, ഡാറ്റാ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലൂന്നിയുള്ള വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ടിസിഎസ് സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിരോധം, എയ്‌റോസ്‌പേസ,് നിര്‍മാണം എന്നീ മേഖലകള്‍ക്കാവശ്യമായ നൂതന സാങ്കേതികവിദ്യ പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. ഇതു വഴി 20,000 പേര്‍ക്ക് നേരിട്ടും ഇതിന്റെ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടി ഇവിടെ ഇന്‍ക്യൂബേറ്റര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ടിസിഎസിനും പദ്ധതിയുണ്ട്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍എക്‌സിയുടെ ഹാര്‍ഡ്‌വേര്‍ വ്യവസായങ്ങളും ഇതോടൊപ്പം സ്ഥാപിതമാകും. ഇതിനുവേണ്ടി ഏഴ് ഏക്കര്‍ സ്ഥലം ഈ കമ്പനിയുടെ ഉപയോഗത്തിന് അനുവദിക്കും. ടിസിഎസിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കണക്കിലെടുത്താണ് ടിസിഎസുമായി ധാരണാപത്രം ഒപ്പിടുന്നത്.

പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ ജീവനക്കാര്‍ക്കു വേണ്ടി ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നേരത്തെ 97 ഏക്കര്‍ സ്ഥലം ടിസിഎസിനു പാട്ടത്തിനു നല്‍കിയിരുന്നു. എന്നാല്‍ പരിശീലന രീതികളില്‍ പെട്ടെന്നുണ്ടായ മാറ്റം കാരണം പദ്ധതി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ ഈ സ്ഥലം വിട്ടുകൊടുക്കുന്നത്.

ടിസിഎസിന് കേരളത്തില്‍ വിവിധ പദ്ധതികളിലായി 15,000 ജീവനക്കാരുണ്ട്. കേരളത്തില്‍ ഐടി മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ടിസിഎസ്. കൊവിഡാനന്തര കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രധാന വ്യവസായ നിക്ഷേപമാണ് ടിസിഎസിന്റേത്. സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനവിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായമാകും.

Story Highlights – TCS 1500 crore investment in Pallipuram Technocity; Direct employment for 20000 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top