Advertisement

രാജു ഏബ്രഹാമിനും വീണാ ജോര്‍ജിനുമായി സമ്മര്‍ദം ശക്തമാക്കാന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം

February 6, 2021
Google News 1 minute Read

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചവരെയും തുടര്‍ച്ചയായി മത്സരിച്ചവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റാന്നി,ആറന്മുള മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പത്തനംതിട്ടയിലെ പാര്‍ട്ടി നേതാക്കള്‍. സിറ്റിംഗ് എംഎല്‍എമാരായ രാജു ഏബ്രഹാമിനും വീണാ ജോര്‍ജിനുമായി സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കാനാണ് സിപിഐഎം ജില്ലാ ഘടകത്തിന്റെ തീരുമാനം.

സ്ഥാനാര്‍ത്ഥി പരിഗണനകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുമ്പോഴും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനങ്ങളാണ് ആറന്മുള, റാന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്സിപിഐഎമ്മിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. വീണ ജോര്‍ജ് എംഎല്‍എ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും രാജു എബ്രഹാം എംഎല്‍എ റാന്നിയില്‍ അഞ്ച് തവണ തുടര്‍ച്ചയായി മത്സരിച്ചതും പരിഗണിച്ചാല്‍ ഇവിടങ്ങളില്‍ സിപിഐഎമ്മിന് മറ്റ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും. എന്നാല്‍ 14 ജില്ലകളില്‍ നിന്നും ഓരോ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള പാര്‍ട്ടി തീരുമാനം വീണാ ജോര്‍ജിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ജയസാധ്യതയുള്ള സീറ്റുകളില്‍ നിന്നും സിറ്റിംഗ് എംഎല്‍എമാരായ ഇരുവരെയും മാറ്റിയുള്ള പരീക്ഷണം വേണ്ടന്നാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഘടക കക്ഷിയെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസും റാന്നിയിലെ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എയെ മാറ്റി പരീക്ഷിക്കുന്നത് റാന്നിയിലെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും സാമുദായിക സമവാക്യങ്ങളെ ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. തുടര്‍ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥാനര്‍ത്ഥിയെ മാറ്റണമോ എന്നും ഘടക കക്ഷിക്ക് വിട്ടു നല്‍കണമോ എന്നുമാവും പാര്‍ട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുക.

Story Highlights – CPIM Pathanamthitta- Raju Abraham and Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here