വാഹനമിടിച്ച് ഗർഭിണിയായ പൂച്ച ചത്തു; സിസേറിയൻ നടത്തി നാല് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവാവ്

rescued kittens dead cat

ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ പൂച്ചയിൽ നിന്ന് നാല് ജീവനുകളെ പുറത്തെടുത്ത് യുവാവ്. മതിലകം തൃപ്പേക്കുളം സ്വദേശി ഹരിദാസ് ആണ് ചത്ത പൂച്ചയെ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. പൂച്ചക്കുഞ്ഞുങ്ങൾ സുരക്ഷിതരായി ഹരിദാസിന്റെ വീട്ടിലാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാം പരത്തിയിലാണ് സംഭവം. പാമ്പ് പിടുത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി തിരികെ ബൈക്കിൽ വരുമ്പോഴാണ് വാഹനമിടിച്ച് നടുറോഡിൽ പൂച്ച ചത്തു കിടക്കുന്നത് കണ്ടത്. പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താം എന്ന് കരുതി ബൈക്കിൽ നിന്നിറങ്ങി പൂച്ചയെ എടുത്തപ്പോഴാണ് ഗർഭിണിയാണോ എന്ന സംശയം തോന്നിയത്. ഉടനെ തൊട്ടടുത്ത കടയിൽ നിന്നും ബ്ലേഡ്‌ വാങ്ങി പൂച്ചയെ സിസേറിയൻ ചെയ്തു. പത്ത് മിനിറ്റിനുള്ളിൽ ഹരിദാസ് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. കണ്ട് നിന്നവർ ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തു.

പ്രാഥമിക ശുശ്രൂഷ നൽകി പൂച്ച കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുവന്നു. സ്പോഞ്ച് നിറച്ച കാർഡ് ബോർഡ് പെട്ടിയിലാണ് പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. അര മണിക്കൂർ ഇടവിട്ട് ലാക്ടോജൻ കലക്കി സിറിഞ്ചിൽ നിറച്ച് കൊടുത്താണ് ജീവൻ നിലനിർത്തുന്നത്. ഇരുപത് വർഷത്തോളമായി പാമ്പ് പിടുത്തത്തിൽ സജീവമായി രംഗത്തുള്ളയാളാണ് ഹരിദാസ്.

Story Highlights – young man rescued four kittens from dead cat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top