ഗോവക്കെതിരെ ത്രില്ലർ സമനില; ഐഎസ്എൽ സെമിയിലെത്തുന്ന ആദ്യ ടീമായി മുംബൈ സിറ്റി

ഐഎസ്എലിൻ്റെ ഏഴാം സീസൺ സെമിയിലെത്തുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്സി. എഫ്സി ഗോവക്കെതിരെ ഇന്ന് നടന്ന മത്സരം 3-3 എന്ന സ്കോറിന് സമനില ആയതോടെയാണ് മുംബൈ സെമി ഉറപ്പിച്ചത്. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 34 പോയിൻ്റുമായി ടേബിളിൽ ഒന്നാമതാണ് മുംബൈ സിറ്റി എഫ്സി.
ഇന്ന് നടന്ന അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഗോവ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 20, 26 മിനിട്ടുകളിൽ ഗോളടിച്ച് ഗംഭീരമായി തുടങ്ങിയ മുംബൈക്ക് 45ആമ് മിനിട്ടിൽ ആദ്യമായി ഗോവ മറുപടി നൽകി. ആദ്യ പകുതി 2-1നു പിരിഞ്ഞു. 51ആം മിനിട്ടിൽ രണ്ടാം ഗോൾ നേടിയ ഗോവ സമനില പിടിച്ചു. എന്നാൽ, 90ആം മിനിട്ടിൽ ഗോൾ വല ചലിപ്പിച്ച മുംബൈ വീണ്ടും ലീഡെടുത്തു. മുംബൈ ജയത്തിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ സ്കോർ ചെയ്ത ഗോവ സമനിലയും ഒരു പോയിൻ്റും സ്വന്തമാക്കി. മുംബൈക്കായി ഹ്യുഗോ ബോമസ്, ആദം ലെ ഫോണ്ട്രെ, റൗളിൻ ബോർഗസ് എന്നിവർ സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ ഗ്ലാൻ മാർട്ടിൻസ്, ഇഗോർ അംഗൂളോ, സൂപ്പർ സബ് ഇഷാൻ പണ്ഡിറ്റ എന്നിവർ ഗോവക്കായി ഗോൾ നേടി.
പോയിൻ്റ് പട്ടികയിൽ എടികെ മോഹൻബഗാനാണ് രണ്ടാമത്. 15 മത്സരങ്ങളിൽ നിന്ന് എടികെയ്ക്ക് 30 പോയിൻ്റുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള എഫ്സി ഗോവ മൂന്നാമതും അതേ റെക്കോർഡുള്ള ഹൈദരാബാദ് എഫ്സി നാലാമതുമാണ്. 16 മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുള്ള കേരള ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്താണ്.
Story Highlights – Mumbai City become first team to reach ISL semi finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here