‘ശരിയായ കാര്യമാണ് ചെയ്തത്’; ജാഫറിനെ പിന്തുണച്ച് കുംബ്ലെയും ഇർഫാൻ പത്താനും

Kumble Irfan Wasim Jaffer

ഉത്തരാഖണ്ഡ് പരിശീലക സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വസീം ജാഫറിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും ഇർഫാൻ പത്താനും. ശരിയായ കാര്യമാണ് ചെയ്തതെന്ന് കുംബ്ലെ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താങ്കൾക്ക് ഇതൊക്കെ വിശദീകരിക്കേണ്ടി വന്നത് സങ്കടപ്പെടുത്തുന്നു എന്ന് ഇർഫാനും ട്വീറ്റ് ചെയ്തു.

സെലക്ടർമാർ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ചാണ് ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ജാഫർ മുസ്ലിം കളിക്കാരെ ടീമിൽ തിരുകിക്കയറ്റി എന്നും ഇഖ്ബാൽ അബ്ദുല്ലയെ ടീം ക്യാപ്റ്റൻ ആക്കാൻ ശ്രമിച്ചു എന്നും മഹിം വർമ പറഞ്ഞു. മൗലവിമാരെ ക്യാമ്പിൽ കൊണ്ടുവന്ന് നിസ്കാരം നടത്തി എന്നും ഹിന്ദു മതവുമായ ബന്ധപ്പെട്ട ടീം മുദ്രാവാക്യം മാറ്റി എന്നുമാണ് വർമ ആരോപിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ജാഫർ ഇതിന് മറുപടി നൽകി.

ഇഖ്ബാൽ അബ്ദുല്ലയെ അല്ല ജയ് ബിശ്റ്റയെയാണ് താൻ ക്യാപ്റ്റനാക്കിയതെന്ന് ജാഫർ പറയുന്നു. ഐപിഎലും മറ്റും കളിച്ച് ഏറെ മത്സരപരിചയമുള്ള ഇഖ്ബാൽ അബ്ദുല്ലയെ ക്യാപ്റ്റൻ ആക്കാമെന്ന് സെലക്ടർമാർ പറഞ്ഞപ്പോൾ താൻ അത് സമ്മതിച്ചു. മുസ്ലിം കളിക്കാരെ തിരുകിക്കയറ്റി എന്ന ആരോപണത്തെയും ജാഫർ നിഷേധിച്ചു. അങ്ങനെയെങ്കിൽ ടീമിൽ ഉണ്ടായിരുന്ന മുസ്ലിം കളിക്കാർ എല്ലാ മത്സരങ്ങളും കളിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു. താൻ വിളിച്ചിട്ടല്ല മൗലവി വന്നത്. ഇഖ്ബാൽ അബ്ദുല്ലയാണ് വെള്ളിയാഴ്ച നിസ്കാരത്തിനായി മൗലവിയെ വിളിച്ചത്. ഹിന്ദു മതവുമായി അല്ല, സിഖ് മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യം മാറ്റി ഗോ ഉത്തരാഖണ്ഡ് എന്ന് ആക്കുകയായിരുന്നു താൻ എന്നും ജാഫർ പറഞ്ഞു.

Story Highlights – Anil Kumble and Irfan Pathan Backs Wasim Jaffer In ‘Communal Bias’ Row

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top