കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം

siddique kappan

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ധിഖ് കാപ്പന് പുറമേ പോപ്പുലര്‍ ഫ്രണ്ട്, വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് കേസിലെ പ്രതികള്‍. ലഖ്‌നൗവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പ്രതികള്‍ അനധികൃത പണസമാഹരണം നടത്തിയെന്ന് ആരോപിച്ചു.

അതികുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് അലാം, റൗഫ് ഷെരീഫ് എന്നിവരാണ് കുറ്റപത്രത്തില്‍ സിദ്ധിഖ് കാപ്പന് ഒപ്പം കുറ്റാരോപിതര്‍ ആയിരിക്കുന്നത്. ഇതില്‍ റൗഫ് ഒഴികെയുള്ള നാല് പേരെ ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്തതതായി കുറ്റപത്രം പറയുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ റൗഫ് ധനസമാഹരണം നടത്തി.

Read Also : സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെ

ഗള്‍ഫ് രാജ്യങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുകയും ചെയ്തു. വ്യാപാര ആവശ്യങ്ങള്‍ക്കെന്ന വ്യാജേനയാണ് ഗള്‍ഫില്‍ നിന്നും കള്ളപ്പണം എത്തിച്ചത് എന്നാണ് ഇഡിയുടെ വാദം. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി കുറ്റപത്രത്തില്‍ ആരോപിച്ചു. പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുള്ളത് ഇതിന്റെ ഭാഗമാണ്. ഇതുവരെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 100 കോടി രൂപ എങ്കിലും എത്തിയിട്ടുണ്ട്.

ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും കുറ്റപത്രം പറയുന്നുണ്ട്. പണം എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഹവാല, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍, എന്നിവ വഴിയാണ് രാജ്യത്തേക്ക് പണം എത്തുന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ അവരറിയാതെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ സംഘടന നടത്തി എന്നാണ് കുറ്റപത്രത്തിലെ ആരോപണം.

Story Highlights – siddique kappan, charge sheet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top