തമിഴ്നാട്ടിൽ ഒരുപിടി വൻകിട പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, തമിഴ്നാട്ടിൽ ഒരുപിടി വൻകിട പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശീയമായി വികസിപ്പിച്ച അർജുൻ യുദ്ധ ടാങ്ക് രാജ്യത്തിന് സമർപ്പിച്ചു. പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരെ ചടങ്ങിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീലങ്കൻ തമിഴരുടെയും, മത്സ്യതൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ നരേന്ദ്രമോദി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി. റെക്കോർഡ് ഉത്പാദനം നടത്തിയതിനും, ജലസ്രോതസുകൾ മെച്ചപ്പെട്ട നിലയിൽ ഉപയോഗിച്ചതിനും തമിഴ്നാട്ടിലെ കർഷകരെ പ്രത്യേകം പ്രശംസിച്ചു. ട്വിറ്ററിലെ ഗോബാക്ക് മോദി ഹാഷ്ടാഗ് അടക്കം പ്രതിഷേധങ്ങൾക്കിടെയായിരുന്നു സന്ദർശനം.
Read Also : പ്രധാനമന്ത്രി കൊച്ചിയിലെത്തി
കർഷക സമരത്തിന്റെ അടക്കം പശ്ചാത്തലത്തിൽ ത്രിതല സുരക്ഷയാണ് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയിരുന്നത്. തമിഴ്നാട് മുൻമുഖ്യമന്ത്രിമാരായ എം.ജി.ആറിന്റെയും ജയലളിതയുടെയും ഛായാചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പങ്ങൾ അർപ്പിച്ചു. തദ്ദേശീയമായി DRDO വികസിപ്പിച്ച അർജുൻ യുദ്ധ ടാങ്ക് കരസേനയ്ക്ക് കൈമാറി. അർജുൻ ടാങ്കിന്റെ മാതൃക കരസേന മേധാവി എം.എം. നരവനെയ്ക്ക് കൈമാറിക്കൊണ്ടായിരുന്നു ഉൽഘാടനം. പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ, വീരമൃത്യു വരിച്ച CRPF ജവാന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ജവാന്മാരുടെ ശൗര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് എന്നും പരിഗണന നൽകി. ശ്രീലങ്ക കസ്റ്റഡിയിലെടുത്ത 1600
മൽസ്യതൊഴിലാളികളുടെ മോചനത്തിന് വഴിയൊരുക്കി. നിലവിൽ ഒരു മൽസ്യതൊഴിലാളി പോലും ശ്രീലങ്കൻ കസ്റ്റഡിയിൽ ഇല്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി കൊച്ചിയിലെത്തി. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോർകമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം.
Story Highlights – Prime Minister Narendra Modi has launched big projects in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here