രണ്ടില ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി; പുതിയ പാര്‍ട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പില്‍ ആലോചന

രണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പില്‍ ആലോചന. കേരളാ കോണ്‍ഗ്രസ് – ജെ), കേരളാ കോണ്‍ഗ്രസ് എം -ജെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും തീരുമാനം.

രണ്ടില ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ജെ. ജോസഫ് ആലോചനാ യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും പാര്‍ട്ടി തീരുമാനം. ഓഗസ്റ്റ് 24 ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങള്‍ പരസ്പരം നല്‍കിയ പരാതികളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കര്‍ നേരത്തെ കേട്ടിരുന്നു. വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.

Story Highlights – High Court verdict on Leaves symbol – Joseph Group -new party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top