ടി.പി പീതാംബരനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യം; സംസ്ഥാന എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

സംസ്ഥാന എൻസിപിയിൽ ആഭ്യന്തരകലഹം ശക്തമാകുന്നു. ടി പി പീതാംബരനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. മന്ത്രി എ കെ ശശീന്ദ്രനെതിരായ നീക്കവും മറുവിഭാഗം ശക്തിപ്പെടുത്തി.
മാണി സി കാപ്പൻ പാർട്ടി വിട്ടതിന് ശേഷവും സംസ്ഥാന എൻസിപിയിൽ ആഭ്യന്തരകലഹം തുടരുകയാണ്. സംസ്ഥാന അധ്യക്ഷൻ ടി പീതാംബരനും, മന്ത്രി എ കെ ശശീന്ദ്രനും ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. മന്ത്രി എ കെ ശശീന്ദ്രൻ പാർട്ടിയിലെ മറ്റാർക്കെങ്കിലും സീറ്റ് വിട്ടുനൽകി മത്സര രംഗത്തു നിന്നും മാറി നിൽക്കണമെന്ന ആവശ്യവും എതിർ ചേരി ശക്തിപ്പെടുത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന് അച്ചടക്ക നടപടി നേരിട്ട സംസ്ഥാന ജനറൽസെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ, ടി പി പീതാംബരനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സ്ഥാനമോഹിയായ ടി പി പീതാംബരൻ ഗ്രൂപ്പ് കളിക്കുകയാണെന്ന് ജയൻ പുത്തൻപുരക്കൽ തുറന്നടിച്ചു.
കോൺഗ്രസ് നേതാക്കളുമായി ടി പി പീതാംബരൻ രഹസ്യ ചർച്ച നടത്തിയിരുന്നുവെന്നും ജയൻ പുത്തൻപുരക്കൽ ആരോപിച്ചു. ടിപി പീതാംബരനെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് മറുപടി ലഭിച്ചതായും ജയൻ പുത്തൻപുരയ്ക്കൽ പറയുന്നു.
പാർട്ടി പിടിക്കാനുള്ള ആഭ്യന്തര ചേരിപ്പോര് കനത്തതോടെ 28ന് സംസ്ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Story Highlights – internal conflict in kerala ncp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here