Advertisement

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി; സഞ്ജുവിനെ മറികടന്ന് പൃഥ്വി ഷാ

February 25, 2021
Google News 2 minutes Read
Prithvi Shaw Double Century

വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര ബാറ്റിംഗുമായി മുംബൈ ഓപ്പണർ പൃഥ്വി ഷാ. പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ പൃഥ്വി ഒരുപിടി റെക്കോർഡുകൾ കൂടിയാണ് സ്വന്തം പേരിൽ ചേർത്തത്. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് പൃഥ്വി. ഒപ്പം, വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും പൃഥ്വി സ്വന്തം പേരിൽ കുറിച്ചു.

Read Also : ടി-20യിൽ ഏറ്റവുമധികം സിക്സറുകൾ; രോഹിത് ശർമ്മയെ മറികടന്ന് മാർട്ടിൻ ഗപ്റ്റിൽ

2018ലാണ് വിജയ് ഹസാരെയിലെ ആദ്യ ഇരട്ടസെഞ്ചുറി കണ്ടത്. ഉത്തരാഖണ്ഡിൻ്റെ കരൺ വീർ കൗശൽ (135 പന്തുകളിൽ 202) സിക്കിമിനെതിരെയാണ് ഈ റെക്കോർഡ് കുറിച്ചത്. 2019ൽ രണ്ട് പേർ കൂടി ഈ ലിസ്റ്റിലേക്കെത്തി. 154 പന്തിൽ 203 റൺസ് നേടിയ മുംബൈ കൗമാര താരം യശസ്വി ജയ്സ്വാളും 129 പന്തിൽ 212 റൺസെടുത്ത് പുറത്താവാതെ നിന്ന കേരളത്തിൻ്റെ സ്വന്തം സഞ്ജു സാംസണും. യശസ്വിയുടെ പ്രകടനം ഝാർഖണ്ഡിനെതിരെയും സഞ്ജുവിൻ്റെ പ്രകടനം ഗോവക്കെതിരെയുമായിരുന്നു.

പൃഥ്വി ഇന്ന് നേടിയത് പുറത്താവാതെ 227 റൺസാണ്. 152 പന്തുകളിൽ 31 ബൗണ്ടറിയും 5 സിക്സറുകളും അടക്കമാണ് ഇന്ത്യൻ ഓപ്പണർ ഈ സ്കോറിലെത്തിയത്.

മത്സരത്തിൽ മുംബൈ 233 റൺസിൻ്റെ കൂറ്റൻ ജയം കുറിച്ചിരുന്നു. പൃഥ്വിക്കൊപ്പം 58 പന്തുകളിൽ 133 റൺസെടുത്ത സൂര്യകുമാർ യാദവും ചേർന്ന് മുംബൈ സ്കോർ 457ലെത്തിച്ചു. ആദിത്യ താരെയും (56) മുംബൈ സ്കോറിലേക്ക് വിലപ്പെട്ട സംഭാവന നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരി 224 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

Story Highlights – Prithvi Shaw Hit A Double-Century In Vijay Hazare Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here