വന്ധ്യത മാറ്റാൻ ദുർമന്ത്രവാദം; യുപിയിൽ 33കാരി കൊല്ലപ്പെട്ടു

വന്ധ്യത മാറ്റാൻ ദുർമന്ത്രവാദം നടത്തിയതെ തുടർന്ന് ഉത്തർപ്രദേശിൽ 33കാരി കൊല്ലപ്പെട്ടു. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച് രഹസ്യഭാഗങ്ങളിൽ അടക്കം മുദ്ര കുത്തുകയും വടി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതിനെ തുടർന്നാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ദുർമന്ത്രവാദി അടക്കം 5 പേർക്കെതിരെയാണ് പൊലീസ് എഫ് ഐ ആർ എഴുതിയിരിക്കുന്നത്.
കംഹാറ ഗ്രാമത്തിലെ ശാരദ ദേവി എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ശാരദയും സർവേശും വിവാഹിതരായെങ്കിലും ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് അയാളുടെ സഹോദരനും ദുർമന്ത്രവാദിയുമായ ദർവേശിനെ സമീപിച്ചു. ശാരദയിൽ ഒരു പ്രേതം കുടിയേറിയിരിക്കുകയാണെന്നും അതിനെ ഒഴിവാക്കാൻ യുവതിയെ മർദ്ദിക്കണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് യുവതിയുടെ വിവിധ ശരീര ഭാഗങ്ങളിൽ ഇയാൾ മുദ്ര കുത്തി. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച രഹസ്യഭാഗങ്ങളിൽ അടക്കമാണ് ഇയാൾ മുദ്രകുത്തിയത്. വേദന കൊണ്ട് പുളഞ്ഞ യുവതി നിലവിളിച്ചതോടെ ഇയാൾ വടികൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. കരയുന്നത് പ്രേതം ആണെന്നാണ് ഇയാൾ അവകാശപ്പെട്ടത്.
ഫെബ്രുവരി 24നായിരുന്നു സംഭവം. 27ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസങ്ങൾക്കു ശേഷം, ഞായറാഴ്ച ഇവർ മരണപ്പെടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
Story Highlights – ‘Exorcist’ Tortures Woman To Death To Treat Her Infertility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here