യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായില്ല; ചർച്ച നാളെയും തുടരും

no consensus in udf meeting

യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. ചർച്ച നാളെയും തുടരും.

ജോസഫ് ഗ്രൂപ്പുമായി രണ്ടു വട്ടം കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് പക്ഷം ഉറച്ചു നിന്നപ്പോൾ 9 സീറ്റേ നൽകാനാവൂ എന്ന നിലപാടായിരുന്നു കോൺഗ്രസിന്റേത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റിൽ പാലാ, ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ വേണ്ടെന്ന് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ശേഷിക്കുന്ന പന്ത്രണ്ട് സീറ്റിൽ രണ്ടെണ്ണം വച്ചു മാറാം. മൂവാറ്റുപുഴ, തിരുവമ്പാടി സീറ്റുകൾ നൽകണം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. ജില്ലയിലെ മറ്റു സീറ്റുകൾക്കൊപ്പം ഇവയിലൊന്നേ നൽകാനാവൂ എന്നാണ് കോൺഗ്രസ് നിലപാട്.

ചങ്ങനാശേരിയും മൂവാറ്റുപുഴയും വെച്ചു മാറാമെന്ന നിർദേശവും ചർച്ചയിലുയർന്നു. എൽഡിഎഫിൽ ജോസ് കെ മാണിക്ക് ഒമ്പതിലധികം സീറ്റ് കിട്ടിയാലോ എന്ന ആശങ്കയും 9 സീറ്റെന്ന കോൺഗ്രസ് വാഗ്ദാനം നിരസിക്കാൻ ജോസഫ് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. ചർച്ച തുടരുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു.

മാണി സി കാപ്പനുമായുള്ള ചർച്ചയിലും ധാരണയായില്ല. മൂന്ന് സീറ്റ് വേണമെന്ന് കാപ്പനും പാലാ മാത്രം നൽകാമെന്ന് കോൺഗ്രസും നിലപാടെടുത്തു. ഉഭയകക്ഷി ചർച്ചകൾ പൂർത്തീകരിച്ച് ബുധനാഴ്ച സീറ്റ് വിഭജനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

Story Highlights – no consensus in udf meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top