തൃത്താലയിൽ എം. ബി രാജേഷ്, ഷൊർണൂർ പി. കെ ശശി; ജമീല ബാലനും പരിഗണനയിൽ; പാലക്കാട് സിപിഐഎം സാധ്യത പട്ടിക

പാലക്കാട് ജില്ലയിൽ സിപിഐഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. എം. ബി രാജേഷ്, പി. കെ ശശി, പി. പി സുമോദ്, ജമീല ബാലൻ ഉൾപ്പെടെയുള്ളവർ സാധ്യതാ പട്ടികയിലുണ്ട്.
തൃത്താലയിൽ എം. ബി രാജേഷിനേയും ഷൊർണൂരിൽ പി. കെ ശശിയേയുമാണ് പരിഗണിക്കുന്നത്. മന്ത്രി എ. കെ ബാലന്റെ ഭാര്യ ജമീല ബാലനെ കോങ്ങാടും തരൂരും പരിഗണിക്കുന്നുണ്ട്. കോങ്ങാട് പി. പി സുമോദിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. തരൂരിൽ നിന്ന് ജമീല ബാലന് പുറമേ ഉയർന്നു കേൾക്കുന്ന പേരാണ് കെ ശാന്തകുമാരിയുടേത്. ആലത്തൂരിൽ കെ. ഡി പ്രസേനൻ, മലമ്പുഴ-എ. പ്രഭാകരൻ, പാലക്കാട് സി. പി പ്രമോദ് എന്നിങ്ങനെയുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന പേരുകൾ.
മന്ത്രി. എ. കെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പി. കെ ശശി, എം. ബി രാജേഷ്, സി. കെ ചാമുണ്ണി, വി. കെ ചന്ദ്രൻ, വി. ചെന്തമരാക്ഷൻ എന്നിവരാണ് ജമീല ബാലന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിശദീകരണം.
Story Highlights – palakkad cpim candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here