വയനാട്ടില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍. ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ നടക്കുന്നതൊന്നും അറിയിക്കാതെ സംസ്ഥാന നേതൃത്വത്തെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഗ്‌നിപര്‍വ്വതം പൊട്ടിതുടങ്ങിയിട്ടേ ഉള്ളൂവെന്നും അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഇത് ഒരു അഗ്നിപര്‍വതമാണ്. ഈ അഗ്നിപര്‍വതം പൊട്ടാതെ നോക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. ഒരാള്‍ പാര്‍ട്ടി വിട്ടുപോയാല്‍ സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടുത്തെ ചില നേതാക്കള്‍. പലരും പാര്‍ട്ടിയില്‍ അസ്വസ്ഥരാണ്. അവരൊക്കെ എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമെന്ന നിലയില്‍ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. എന്നാല്‍ വയനാട്ടില്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ നടത്തുന്ന രീതി ശ്രദ്ധിച്ചാല്‍ മനസിലാകും. രാഹുല്‍ ഗാന്ധിയെ ട്രോളാന്‍ നടത്തുന്നതുപോലെയാണ് ഇവിടെ പല പരിപാടികളും സംഘടിപ്പിക്കുന്നതെന്നും പി.കെ. അനില്‍കുമാര്‍ പറഞ്ഞു.

Story Highlights – wayanad congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top