ന്യൂസീലൻഡിനെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ പരാജയപ്പെട്ടിരുന്നു; അപ്പോൾ പിച്ചിനെപ്പറ്റി ചർച്ചകളുണ്ടായില്ല: വിരാട് കോലി

virat kohli ahmedabad pitch

മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ന്യൂസീലൻഡിൽ ഇന്ത്യ മൂന്ന് ദിവസത്തിനുള്ളിൽ പരാജയപ്പെട്ടപ്പോൾ പിച്ചിനെപ്പറ്റി ചർച്ചകൾ ഉണ്ടായില്ലെന്നും പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും കോലി ചോദിച്ചു.

Read Also : നാലാം ടെസ്റ്റിലെ പിച്ച് കഴിഞ്ഞ മത്സരങ്ങളിലെ പിച്ചുകൾക്ക് സമാനം; അജിങ്ക്യ രഹാനെ

“ഞാൻ ഒരു കാര്യം ചോദിക്കാം- അഞ്ച് ദിവസം നീണ്ടുനിൽക്കാനാണോ ജയിക്കാനാണോ നമ്മൾ കളിക്കുന്നത്? ന്യൂസീലൻഡിൽ നമ്മൾ മൂന്ന് ദിവസത്തിനുള്ളിൽ പരാജയപ്പെട്ടിരുന്നു. അന്ന് ആരും പിച്ചിനെപ്പറ്റി ഒന്നും പറഞ്ഞില്ല. സ്പിൻ പിച്ചുകളെപ്പറ്റി നമ്മൾ കൂടുതൽ സത്യസന്ധരാവേണ്ടതുണ്ട്. സ്പിം പിച്ചുകളെച്ചൊല്ലി ഒരുപാട് ബഹളം നടക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അത്തരം പിച്ചുകൾ ആവാമെന്ന് മാധ്യമങ്ങൾ വിവരിക്കണം. ഏത് തരം പിച്ചിലാണ് കളിക്കുന്നതെങ്കിലും അതിനെപ്പറ്റി വിലപിക്കാത്തതാണ് ഞങ്ങളുടെ വിജയത്തിനു കാരണം. ഞങ്ങൾ എല്ലായ്പ്പോഴും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. മൂന്നാം ടെസ്റ്റിൽ ഇരു ടീമിലെയും ബാറ്റ്സ്മാന്മാർക്ക് പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മനസ്സിലായില്ല. പിച്ച് മോശമാണ് എന്നതിനപ്പുറം ബാറ്റ്സ്മാന്മാരുടെ കഴിവാണ് അവിടെ കണ്ടത്.”- കോലി പറഞ്ഞു.

അതേസമയം, പിച്ച് മുൻപത്തെ മത്സരങ്ങളിലെ പിച്ചിനു സമാനമായിരിക്കും എന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞിരുന്നു. മാർച്ച് നാലു മുതലാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.

Story Highlights – virat kohli hits back critics of ahmedabad pitch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top