Advertisement

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി

March 4, 2021
Google News 1 minute Read
life mission case highcourt today

സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

കില, വനിതാ കമ്മീഷൻ, കെൽട്രോൺ, കെ ബിപ്, എഫ്ഐടി തുടങ്ങി പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

ഹർജിയിൽ ഒരാഴ്ചക്കുള്ളിൽ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നൽകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റേതടക്കം ആറ് ഹർജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ നേരത്തെ 10 വർഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.

12ാം തിയതി കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Read Also : താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടിയില്‍ അനവധാനതയില്ലെന്ന് മുഖ്യമന്ത്രി

പത്ത് വര്‍ഷത്തില്‍ അധികമായി സര്‍വീസിലിരിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇത് സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി. കോടതി പ്രാഥമിക നടപടിയായാണ് നോട്ടിസ് അയക്കുന്നത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

Story Highlights – high court, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here