സൗദിയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി

സൗദിയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. വിനോദ പരിപാടികളും സിനിമാ പ്രദര്‍ശനവും റസ്റ്റോറന്റുകള്‍ക്കകത്ത് ഭക്ഷണം കഴിക്കുന്നതും ഞായറാഴ്ച മുതല്‍ അനുവദിക്കും. എന്നാല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കൊവിഡ് വ്യാപനം തടയുന്നതിനായി ഫെബ്രുവരി ആദ്യമാണ് സൗദിയില്‍ പ്രത്യേക നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണങ്ങള്‍ ഞായറാഴ്ച മുതല്‍ നീക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ഒരു മാസം മുന്‍പ് അടച്ച സിനിമാ ശാലകളും ജിമ്മുകളും വിനോദ കേന്ദ്രങ്ങളും സ്‌പോര്‍ട്‌സ് സെന്ററുകളും വീണ്ടും തുറക്കും. റസ്റ്റോറന്റുകള്‍ക്കകത്ത് ഭക്ഷണം കഴിക്കാം. ഷോപ്പിംഗ് മാളുകളിലും ഗെയിമുകളും വിനോദ പരിപാടികളും അനുവദിക്കും. എന്നാല്‍ പാര്‍ട്ടികള്‍ക്കും മറ്റു ഇവന്റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവാഹ പാര്‍ട്ടികള്‍, കോര്‍പറേറ്റ് മീറ്റിങ്ങുകള്‍ തുടങ്ങിയവ അനുവദിക്കില്ല. അനുവദിക്കപ്പെട്ട പരിപാടികളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഉള്ളത്.

Story Highlights – covid – Saudi Arabia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top