ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (07-03-2021)

വി കെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കരുത്: എറണാകുളത്തെ മുസ്ലിം ലീഗ് നേതാക്കള്‍
മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കള്‍ ആണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞോ മകന്‍ അബ്ദുള്‍ ഗഫൂറോ മത്സരിച്ചാല്‍ ജയസാധ്യത കുറവെന്ന് നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നും ജില്ലാ ഭാരവാഹികള്‍.
തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടില്ലെന്ന് കെ സുധാകരന്‍
തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്ന് മാധ്യമങ്ങളോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. കെപിസിസി പ്രസിഡന‍്‍റ് സ്ഥാനത്തെ കുറിച്ച് ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഭൂരിപക്ഷം നിയമസഭാ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പത്താം തീയതിക്കുള്ളില്‍ ഉണ്ടാകും. എല്‍ഡിഎഫിന് ജയില്‍ ഉറപ്പാണെന്നും സുധാകരന്‍.
വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയും: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍
പോസ്റ്റര്‍ വിവാദത്തില്‍ വൈകാരികമായി പ്രതികരിച്ച് മന്ത്രി എ കെ ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും ബാലന്‍. ഇവരുടെ ലക്ഷ്യം നാട്ടുകാര്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ ഇ.ഡി
കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകുക. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.
നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കും; മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് പോസ്റ്റർ പ്രതിഷേധം
മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്റർ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.
ചങ്ങനാശേരി സീറ്റ്: എൽഡിഎഫിൽ ധാരണയായില്ല; സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ഇന്ന്
ചങ്ങനാശേരി സീറ്റിന്റെ പേരിൽ സിപിഐ ഇടഞ്ഞുനിൽക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാനവട്ട ചർച്ച നടത്തി സമവായമായതിന് ശേഷമാകും ഇടതുമുന്നണി യോഗം ചേരുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ അന്തിമരൂപം നൽകും. തുടർന്ന് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിടും.
Story Highlights – todays headlines, news round up