തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞു; ചാലക്കുടിയിൽ നൂറോളം കോൺ​ഗ്രസ് പ്രവർത്തകർ ജോസ്. കെ. മാണിക്കൊപ്പം ചേർന്നു

ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസ്. കെ. മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് ആരോപണം.

ഐ.എന്‍.ടി.യു.സി. മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് ജോസ്. കെ. മാണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊരട്ടിയിലും പരിയാരത്തും നല്ല നേതാക്കളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതംവയ്പാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് നേതാക്കൾ പറഞ്ഞു.

ജോസ്. കെ. മാണി വിഭാഗത്തിന്‍റെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനം.  ചാലക്കുടിയില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക നേതാക്കളേയും അണികളേയും കൂടെനിര്‍ത്താന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമുണ്ട്.

Story Highlights – Assembly election, jose k mani, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top