കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കേരളത്തില്‍ ഒതുങ്ങിയില്ല; കൂടുതല്‍ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

സംസ്ഥാന ഘടകത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇത്തവണ കേരളത്തില്‍ ഒതുങ്ങും എന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പാഴ്‌വാക്കായി. ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ് സീറ്റ് മോഹിച്ച് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തും.

കൊറോണാ കാലത്ത് ഡല്‍ഹി ചര്‍ച്ചകള്‍ മാതൃകയാകും എന്നായിരുന്നു ദേശീയ നേതൃത്വം അവകാശപ്പെട്ടത്. സ്‌ക്രിനിംഗ് കമ്മറ്റിക്കായി ചുമതലപ്പെട്ട ദേശീയ നേതാക്കള്‍ ഇക്കാര്യം കേരളത്തില്‍ ആവേശത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. സ്‌ക്രിനിംഗ് കമ്മിറ്റി രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ അവകാശവാദം പാടെ എങ്ങനെ തള്ളാം എന്നതില്‍ മാതൃകയായിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള നേതക്കള്‍. വേണമെങ്കില്‍ കേരള ഹൗസും പരിസരവും ഹൗസ്ഫുള്‍ എന്ന് തന്നെ പറയാം.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇനിയും നീളാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി ആകാനുള്ള ഏതെങ്കിലും ഒരു സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ ഡല്‍ഹി സന്ദര്‍ശനത്തിലൂടെ അത് നേടി എടുക്കാനാണ് ഇവിടെ എത്തുന്ന നേതാക്കളുടെയും ശ്രമം.

Story Highlights – Congress candidate selection discussions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top