കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന്; തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മണ്ഡലം കമ്മിറ്റിയുടെ കത്ത്

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറിയതിനെച്ചൊല്ലിയുള്ള സിപിഐഎമ്മിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മണ്ഡലം കമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്നുമാവശ്യപ്പെട്ടാണ് ഇമെയില്‍ സന്ദേശം. ഇതിനിടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വൈകീട്ട് നാലിന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു.

പൊന്നാനിക്ക് പിന്നാലെ സിപിഐഎമ്മിന് തലവേദനയാവുകയാണ് കുറ്റ്യാടിയും. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് മണ്ഡലം കമ്മിറ്റി ഇമെയില്‍ സന്ദേശമയച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ബൂത്തിലിരിക്കാന്‍ പോലും പ്രവര്‍ത്തകരില്ലാത്ത കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്തിനാണെന്നും അണികള്‍ ചോദിക്കുന്നു. തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകീട്ട് നാലിന് കുറ്റ്യാടി നഗരത്തില്‍ പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് മുന്നണി തീരുമാനത്തെ വെല്ലുവിളിച്ച് തെരുവിലിറങ്ങുന്നത്.

കുറ്റ്യാടി സിപിഐഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. നിലവിലെ മുന്നണി ധാരണയനുസരിച്ച് വടകര താലൂക്കിനു കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കാവില്ല. വടകര എല്‍ജെഡിക്കും കുറ്റ്യാടി കേരള കോണ്‍ഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എല്‍ഡിഎഫ് കൊടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. പ്രാദേശിക വികാരം കണക്കിലെടുക്കാതെ കെ.കെ. ലതിക മൂന്നാം തവണയും മത്സരത്തിനിറങ്ങിയത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇത് എല്‍ഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടമാകുന്നതിനുമിടയാക്കി. സിപിഐഎമ്മിലെ ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് സ്വന്തമാക്കിയ മണ്ഡലം ഇത്തവണ അനായാസം ജയിച്ചു കയറാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Story Highlights – Kuttyadi seat – Kerala Congress – CPIM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top