സൗദി തൊഴിൽ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

സൗദി തൊഴിൽ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങൾ ഞായറാഴ്ച പ്രാബല്യത്തിൽ വരും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിൽ സമൂലമായ മാറ്റം വരുന്ന നിയമമാണ് ഇത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കൂടുതൽ അവകാശങ്ങളും സ്വാതന്ത്ര്യവും നിയമം വ്യവസ്ഥ ചെയ്യുന്നു. വിദേശ തൊഴിലാളികൾക്ക് തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്‌പോൺസർഷിപ്പ് മാറാൻ നിയമം അനുവാദം നൽകുന്നു. 90 ദിവസം മുമ്പ് നോട്ടിസ് നൽകി കരാർ കാലാവധിക്കുള്ളിലും ജോലിയും സ്‌പോൺസർഷിപ്പും മാറാം.
ഇങ്ങിനെ സ്‌പോൺസർഷിപ്പ് മാറിയാൽ കരാർ ലംഘനം നടത്തിയതിനുള്ള നഷ്ട പരിഹാരം നൽകേണ്ടി വരും. കരാർ കാലാവധിക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ സ്‌പോൺസർ നഷ്ടപരിഹാരം നൽകേണ്ടി വരും. കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതി ഇല്ലാതെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. സ്‌പോൺസറുടെ അനുമതി ഇല്ലാതെ തൊഴിലാളികൾക്ക് തന്നെ എക്‌സിറ്റ് റീഎൻട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം.
തൊഴിലാളി രാജ്യത്തിന് പുറത്തു പോകുമ്പോൾ ഇതുസംബന്ധമായ നോട്ടിഫിക്കേഷൻ സ്‌പോൺസർക്ക് ലഭിക്കും. അബ്ഷിർ ഖിവ പോർട്ടലുകൾ വഴി ഈ സേവനങ്ങൾ ലഭിക്കും. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഇത് ബാധകമായിരിക്കില്ല. തൊഴിൽ തർക്കങ്ങൾ കുറയാനും, തൊഴിൽ വിപണി മെച്ചപ്പെടാനും, നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കാനും ഈ പരിഷ്‌കരണ പദ്ധതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights – Saudi new labor law from Sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here