കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല; കേരളത്തിലുള്ളത് എ, ഐ ഗ്രൂപ്പുകള്‍: പി.സി. ചാക്കോ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ പാര്‍ട്ടി വിട്ടത് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗ്രൂപ്പുകള്‍ക്ക് അതീതമായി കേരളത്തില്‍ പ്രവര്‍ത്തനം സാധ്യമെല്ലെന്നും പി.സി. ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം അപജയത്തിലാണ്. കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചയാളാണ്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല. രണ്ട് പാര്‍ട്ടികളുടെ ഏകോപന സമിതിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഐ കോണ്‍ഗ്രസും എ കോണ്‍ഗ്രസുമാണ് കേരളത്തിലുള്ളത്. കേരളത്തിലെ മുഴുവന്‍ സീറ്റുകളും ഒന്നുകില്‍ ഐയുടേതാണ് അല്ലെങ്കില്‍ എയുടേതാണ്. ഐയുടെ സീറ്റില്‍ അവരുടെ ആളുകള്‍ മാത്രം മത്സരിക്കുക, എയുടെ സീറ്റില്‍ അവരുടെ ആളുകള്‍ മാത്രം മത്സരിക്കുക എന്നതാണ് നടക്കുന്നത്.
നാല്‍പത് പേരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയെ കേരളത്തില്‍ തീരുമാനിച്ചിരുന്നു. ആ കമ്മിറ്റിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമമനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥിയുടെ ലിസ്റ്റ് വയ്ക്കണം. ചര്‍ച്ച നടത്തി സ്‌ക്രീനിംഗ് കമ്മിറ്റ് അയക്കണം. എന്നാല്‍ അത്തരത്തിലൊരു നടപടിയുണ്ടാകുന്നില്ല. സ്ഥാനാര്‍ത്ഥികളുടെ പേരെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസില്‍ മാത്രമാണ്. നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയായി ആരുടെ പേരാണ് ഡല്‍ഹിയിലേക്ക് അയക്കുന്നത് എന്നതുപോലും പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി അറിഞ്ഞിട്ടില്ല.
പ്രാഥമിക ചര്‍ച്ചപോലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നടന്നിട്ടില്ല. കോണ്‍ഗ്രസിന്റെ കേരളത്തിലെ അപജയത്തിന്റെ ഭാഗമാണിത്. രണ്ട് പാര്‍ട്ടിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യത പരിഗണിക്കുന്നില്ല. ഗ്രൂപ്പ് തീരുമാനം മാത്രമാണ് നടപ്പിലാകുന്നത്. ഒരു കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് കേരളത്തില്‍ അസാധ്യമായി മാറിയിരിക്കുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.
Story Highlights – There is no Congress party in Kerala: P.C. Chacko
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here