ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത്; വൈകിട്ട് സത്യപ്രതിജ്ഞ

തിരാത്ത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത് സിംഗിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഡെറാഡൂണിൽ ഇന്ന് ചേർന്ന് നിയമസഭാകക്ഷി യോഗത്തിൽ അവസാന നിമിഷത്തിലാണ് തിരാത്ത് സിംഗ് റാവത്തിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് വന്നത്. ഉത്തരാഖണ്ഡിൽ നിന്നുളള കേന്ദ്ര മന്ത്രി രമേശ് പോഖ്‌റിയാൽ, സംസ്ഥാന മന്ത്രിസഭാംഗം ധൻ സിംഗ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തിരഞ്ഞെടുത്തത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന തിരാത് സിംഗ് റാവത്ത് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്. 2012 മുതൽ 17 വരെ ചൗബട്ടാഖൽ എംഎൽഎയായിരുന്നു. 2013-15 കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ പൗരി ഗഡ്വാൾ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്.
സ്ഥാനം അപ്രതീക്ഷിതമാണെന്ന് പ്രതികരിച്ച റാവത്ത്, പാർട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു.
വൈകിട്ട് നാലുമണിക്ക് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വർഷം നടന്ന മന്ത്രിസഭാ വികസനത്തോടെ ആരംഭിച്ച ബിജെപിയിലെ ആഭ്യന്തര കലാപമാണ് ഇന്നലെ ത്രിവേന്ദ്ര സിംഗ് റാവത്തിൻ്റെ രാജിയിൽ കലാശിച്ചത്.
Story Highlights – Tirath Singh Rawat to be new Uttarakhand chief minister
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!