കായംകുളത്ത് യു.പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി

കായംകുളത്ത് യു. പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി. 45 പേര്‍ പങ്കെടുത്ത കമ്മിറ്റിയില്‍ 43 പേരും വിയോജിപ്പ് അറിയിച്ചു. അതേസമയം തന്നെ ജി. സുധാകരനെ അമ്പലപ്പുഴയില്‍ നിന്ന് മാറ്റിയതില്‍ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയും നേതൃത്വത്തെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയിലെ ആവശ്യങ്ങള്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

കായംകുളത്ത് പ്രതിഭയ്ക്ക് പകരം ബാബുജാനെ മത്സരിപ്പിക്കണമെന്നാണ് സിപിഐഎം കായംകുളം നിയോജക മണ്ഡലം കമ്മറ്റി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി കായംകുളത്തിന് പുറത്തു നിന്നുള്ള പലരും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബുജാനടക്കം യോഗ്യരായവരെ നിരന്തരം അവഗണിക്കുകയാണെന്നും കമ്മിറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. കൂടാതെ യു. പ്രതിഭയുടെ ഓഫീസിന്റെ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകരെ എംഎല്‍എയില്‍ നിന്നും അകറ്റുന്ന രീതിയില്‍ ആയിരുന്നു എന്നും കമ്മറ്റി വിലയിരുത്തി.

അതേസമയം തന്നെ ജി.സുധാകരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐഎം അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയും രംഗത്തെത്തി. എച്ച്. സലാം ആരോപണ വിധേയനായ സ്ഥാനാര്‍ത്ഥിയെന്നും കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നു. ജി.സുധാകരന്റെ വ്യക്തിബന്ധങ്ങളും പൊതുസമൂഹത്തിലുള്ള മതിപ്പും അമ്പലപ്പുഴയിലെ വിജയങ്ങള്‍ക്ക് സഹായകമായിട്ടുണ്ടെന്ന് യോഗം ചൂണ്ടികാട്ടി. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള മണ്ഡലം കമ്മിറ്റികളിലെ എതിര്‍പ്പ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

Story Highlights – U. Pratibha – Kayamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top