Advertisement

സ്ഥാനാര്‍ത്ഥിപട്ടിക പാര്‍ട്ടിക്ക് ബാധ്യതയാകും; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മോഹന്‍കുമാര്‍

March 11, 2021
Google News 1 minute Read

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മോഹന്‍കുമാര്‍. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയാറാക്കിയ സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടിക പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. നേതൃത്വത്തിന്റെ ജാഗ്രതക്കുറവും ഉത്തരവാദിത്തമില്ലായ്മയുമാണ് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി.

മുതിര്‍ന്ന നേതാവായിട്ടും സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയില്‍ പോലും കെ. മോഹന്‍കുമാര്‍ ഇടം നേടിയില്ല. കാലങ്ങളായി നേരിടുന്ന അവഗണനയുടെ ഭാഗമെന്ന് ചൂണ്ടിക്കാട്ടുന്ന മോഹന്‍കുമാര്‍, കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയുടെ മാനദണ്ഡവും ചോദ്യം ചെയ്യുന്നു.

സാധ്യതാ പട്ടിക എന്ത് മാനദണ്ഡം അനുസരിച്ചാണ് തയാറാക്കിയതെന്ന് അതിന്റെ ആളുകളോട് തന്നെ ചോദിക്കണം. സാധ്യതാപട്ടിക തയാറാക്കിയിരിക്കുന്നത് വിജയസാധ്യത കണക്കിലെടുത്തല്ല. ഒന്നോ രണ്ടോ ആളുകളുടെ താത്പര്യത്തിന് വേണ്ടിയുള്ള ഫോര്‍മുലകള്‍ അടങ്ങിയുള്ള പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നതെന്ന് മോഹന്‍കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കൂടി കണക്കിലെടുത്താണ് മോഹന്‍കുമാറിനെ സാധ്യതാ പട്ടികയില്‍പ്പോലും ഉള്‍പ്പെടുത്താത്തത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ തിരിച്ചടിക്ക് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് മോഹന്‍കുമാര്‍ പറയുന്നു. പാര്‍ട്ടിയെ തകര്‍ക്കുന്ന തരത്തിലേക്ക് ഗ്രൂപ്പുകള്‍ തരംതാഴുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും ചില വ്യക്തികളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നടക്കുന്നതെന്നും മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി. തിരുത്തലുകള്‍ക്ക് നേതൃത്വം തയാറാകണമെന്നും മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

Story Highlights – Senior Congress leader K. Mohankumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here