കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

k muraleedharan

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍ എത്തും. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തിലെ അവസാനവട്ട ചര്‍ച്ചയ്ക്കായാണ് കെ. മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലകളെക്കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ വട്ടിയൂര്‍കാവില്‍ കെ. മുരളീധരന്‍ മത്സരിക്കും. ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ധാരണയായി.

Read Also : പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്; അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും

കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ ഇറങ്ങിയാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ വീണ്ടും പരിഗണിക്കാനും തീരുമാനമുണ്ട്.

നാടകീയമായ മാറ്റങ്ങളാകും അടുത്ത മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടാവുക. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയാറായാല്‍ തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് മത്സരിക്കാന്‍ അവസരം നല്‍കും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായും എത്തിയേക്കും. ഇതിനായുള്ള ആലോചനയാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമാക്കാന്‍ കെ. മുരളീധരന്റെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. ചില മണ്ഡലങ്ങളില്‍ ഇന്നലെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളില്‍ മാറ്റമുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top