Advertisement

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാര്‍; ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ. മുരളീധരന്‍

March 13, 2021
Google News 1 minute Read
k muraleedharan

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ. മുരളീധരന്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണ്. ഇക്കാര്യം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് കാര്യവും ചെയ്യാന്‍ തയാറാണ്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലേക്ക് നാളെ പോകാനിരുന്നതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നു. പിന്നീട് കരുത്തവര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ മണ്ഡലങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ്. അവര്‍ ആ സീറ്റുകളില്‍ നിന്ന് മാറിയാല്‍ ആ സീറ്റ് ജയിക്കണമെന്നില്ല. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളാണ് ഉള്ളതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍ എത്തും. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തിലെ അവസാനവട്ട ചര്‍ച്ചയ്ക്കായാണ് കെ. മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

Read Also : കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലകളെക്കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ വട്ടിയൂര്‍കാവില്‍ കെ. മുരളീധരന്‍ മത്സരിക്കും. ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ധാരണയായി. കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ ഇറങ്ങിയാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ വീണ്ടും പരിഗണിക്കാനും തീരുമാനമുണ്ട്.

നാടകീയമായ മാറ്റങ്ങളാകും അടുത്ത മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടാവുക. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയാറായാല്‍ തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് മത്സരിക്കാന്‍ അവസരം നല്‍കും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായും എത്തിയേക്കും. ഇതിനായുള്ള ആലോചനയാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമാക്കാന്‍ കെ. മുരളീധരന്റെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. ചില മണ്ഡലങ്ങളില്‍ ഇന്നലെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളില്‍ മാറ്റമുണ്ടാകും.

Story Highlights – k. muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here