തെരഞ്ഞെടുപ്പ് റാലികളിൽ കൊമ്പ് കോർത്ത് മമതയും അമിത് ഷായും

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ കൊമ്പ് കോർത്ത് മമതയും അമിത് ഷായും. ബംഗാളിൽ കലാപവും അക്രമവും പടർത്തുന്ന പാർട്ടിയാണ് ബിജെപി എന്ന് മമത പറഞ്ഞു. സ്വന്തം കാലിന്റെ വേദനയ്‌ക്കൊപ്പം തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വേദന കൂടി മമത ഓർക്കണമെന്ന് അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മമത ബാനർജിക്കേറ്റ പരുക്ക് തന്നെയാണ് പ്രചാരണത്തിന്റെ മുഖ്യ അജണ്ട. ബാങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ ഭരണത്തെ രൂക്ഷമായി വിമർശിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനർജി സ്വന്തം കാലിലെ വേദനയോടൊപ്പം തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 130 ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ വേദന കൂടി ഓർക്കണമെന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടെന്ന് മമത അവകാശപ്പെടുമ്പോൾ അപകടം എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബംഗാളിൽ പ്രചാരണത്തിനുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മമത വീൽചെയർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. പുരുലിയയിലെ റാലിയിൽ കേന്ദ്രമന്ത്രിമാർക്കുള്ള മറുപടിയുമായി മമത രംഗത്തുവന്നു. ബംഗാളിൽ അക്രമവും കലാപവും മാത്രമാണ് ബിജെപി പടർത്തുന്നതെന്ന് മമത പറഞ്ഞു. ഗൂഢാലോചനകൾകൊണ്ട് തന്നെ തകർക്കാനാകില്ല. ഒടിഞ്ഞ കാലുമായി താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് ചിലർ പ്രതീക്ഷിച്ചിരുന്നതെന്നും മമത പറഞ്ഞു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, നന്ദിഗ്രാമിൽ സമർപ്പിച്ച നാമനിർദേശപത്രികയിൽ മമത ബാനർജി തനിക്കെതിരായ ആറ് ക്രിമിനൽ കേസുകൾ മറച്ചുവച്ചു എന്ന ആരോപണവുമായി സുവേന്ദു അധികാരി രംഗത്തുവന്നു. മമതയുടെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടു സുവേന്ദു അധികാരിയും ബംഗാൾ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

Story Highlights – Mamta banerjee, Amit shah, west bengal assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top