Advertisement

കൊവിഡ് ബാധ രൂക്ഷം; ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര റദ്ദാക്കിയില്ലെങ്കിൽ ജീവനൊടുക്കും: ഭീഷണിയുമായി യുവാവ്

March 17, 2021
Google News 2 minutes Read
Man threatens India England

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര റദ്ദാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ്. രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ നടക്കുന്നത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്. ഗുജറാത്തിലെ കെവി പട്ടേൽ എന്ന ഇൻസ്പെക്ടറുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഇയാൾകെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

“മാർച്ച് 12ന് അയാൾ എൻ്റെ ഫോണിലേക്ക് വിളിച്ചു. മത്സരങ്ങൾ തുടർന്നാൽ സ്വയം ജീവനൊടുക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഗുജറാത്ത് സർക്കാരിനും, മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ അയാൾ മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. പേര് ചോദിച്ചപ്പോൾ പങ്കജ് പട്ടേൽ എന്നും സ്ഥലം ഗാന്ധിനഗർ എന്നും അയാൾ അറിയിച്ചു. ഉടൻ തന്നെ ഞാൻ ഗാന്ധിനഗർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.”- കെവി പട്ടേൽ അറിയിച്ചു.

കെവി പട്ടേലും പങ്കജ് പട്ടേലും തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണോ ആളുകൾ ഇരിക്കുന്നത് എന്ന് പങ്കജ് അന്വേഷിക്കുമ്പോൾ അങ്ങനെയല്ല എന്ന് കെവി പട്ടേൽ പറയുന്നു. തുടർന്നാണ് ഇയാൾ മത്സരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇയാൾക്കെതിരെ ശത്രുത ഉണ്ടാക്കൽ, വെറുപ്പ് പരത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. മൂന്നാം മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 156 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

Story Highlights -Man threatens to set himself on fire if India vs England T20Is continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here