രാജ്യത്ത് ബിജെപി വിരുദ്ധ- കോണ്‍ഗ്രസ് രഹിത പ്രതിപക്ഷം രൂപീകരിക്കാന്‍ നീക്കം

sarad pawar

രാജ്യത്ത് ബിജെപി വിരുദ്ധ- കോണ്‍ഗ്രസ് രഹിത പ്രതിപക്ഷത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ശരത് പവാറിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ് വരും ദിവസങ്ങളില്‍ സംയുക്ത പ്രതിപക്ഷ സഖ്യമായി രാജ്യത്ത് മാറുക. കോണ്‍ഗ്രസിലെ ജി-23 വിമത സംഘത്തെ എന്‍സിപിയുടെ ഭാഗമാക്കി പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായി എത്തിക്കാനും ചര്‍ച്ചകള്‍ ആരംഭിച്ചു.

എന്‍സിപിയില്‍ ചേര്‍ന്ന പി സി ചാക്കോ ശരത് പവാറിന്റെ ദൂതനായി കോണ്‍ഗ്രസിലെ വിമത ജി-23 നേതാക്കളുമായി പുതിയ രാഷ്ട്രീയ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിനുള്ള സന്നദ്ധത നേരത്തെ തന്നെ എന്‍സിപിയോട് വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതര പര്‍ട്ടികള്‍ക്കിടയില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ശക്തി ആര്‍ജിക്കുകയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം. ഇതിനായി രൂപീകരിക്കുന്ന സഖ്യത്തില്‍ സംയുക്ത നയ രൂപീകരണ സമിതിയും പ്രവര്‍ത്തക സമിതിയും ഉണ്ടാകും.

മഹാരാഷ്ട്ര മാതൃകയില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കൂട്ടായ്മ പ്രവര്‍ത്തിക്കുക. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഒറ്റ ഗ്രൂപ്പായി പാര്‍ലമെന്റില്‍ പരിഗണിക്കണം എന്നും പ്രതിപക്ഷ നേത്യസ്ഥാനം അനുവദിക്കണം എന്നും കൂട്ടായ്മ ആവശ്യപ്പെടും. പി സി ചാക്കോ ഇന്നലെ ജി-23 വിമത കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നത് പരിഗണിക്കാം എന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയെന്നാണ് വിവരം.

നേത്യത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ കര്‍ശന നിലപാടിലേക്ക് പോകാനാണ് ജി-23 സംഘത്തിന്റെ തീരുമാനം. ഇതിന് ശേഷമാകും എന്‍സിപിയുടെ ഭാഗമായോ മറ്റൊരു സ്വതന്ത്ര വിഭാഗമായോ ഇവര്‍ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുക.

Story Highlights -sarad pawar, bjp, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top