കിഫ്ബിയെ നോട്ടമിട്ട് ആദായ നികുതി വകുപ്പും; കൈറ്റിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കിഫ്ബിയിൽ നോട്ടമിട്ട് ആദായ നികുതി വകുപ്പും. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി
ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടിസ് അയച്ചു. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.
കിഫ്ബിക്ക് മേൽ ഇ.ഡി നടത്തുന്ന അന്വേഷണങ്ങളെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടിസുമായി രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരള ഇൻഫ്രാസ്ട്രാക്ടർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷനിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നോട്ടിസിലുള്ള നിർദേശം. അഞ്ച് വർഷത്തിനിടെ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും നൽകണം. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാനും നോട്ടിസിൽ പറയുന്നുണ്ട്. കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കിയ ഓരോ വകുപ്പുകളിലേക്കും നോട്ടിസ് നൽകുന്നതിന്റെ ഭാഗമായാണ് കൈറ്റിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയത്. നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നതിനാൽ തന്നെ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്ന പ്രചാരണം ഇടതുപക്ഷം തുടരും. നേരത്തെ എൻഐഎ കസ്റ്റംസ് ഇ.ഡി തുടങ്ങി വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് അന്വേഷണങ്ങൾക്ക് എത്തിയപ്പോഴും സർക്കാരിനെ അടിമറിക്കാനും വികസനം ഇല്ലാത്തക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ആദായ നികുതി വകുപ്പ് കൂടി അന്വേഷണവുമായി എത്തുന്നതോടെ കിഫ്ബി വീണ്ടും സജീവ ചർച്ചയാകും എന്നും ഉറപ്പായി.
Story Highlights- KIFBI, Income tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here