സ്വന്തം പ്ലാറ്റ്ഫോമിലൂടെ സോഷ്യൽ മീഡിയയിലേക്ക് തിരികെ വരാനൊരുങ്ങി ട്രംപ്

സ്വന്തം പ്ലാറ്റ്ഫോമിലൂടെ സോഷ്യൽ മീഡിയയിലേക്ക് തിരികെ വരാനൊരുങ്ങി മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ട്രംപിൻ്റെ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടിരുന്നു. ഇനിയൊരിക്കലും ട്രംപിന് ഒരു അക്കൗണ്ട് ഉണ്ടാക്കാൻ കഴിയാത്ത വിധം ഈ സോഷ്യൽ മീഡിയ ആപ്പുകൾ മുൻ യുഎസ് പ്രസിഡൻ്റിനെ വിലക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാൻ ട്രംപ് ഒരുങ്ങുന്നത്.
ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താവായ ജേസൻ മില്ലർ ഫോക്സ് ന്യൂസിനോടാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായില്ല.
കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും പിന്നീട് അദ്ദേഹം ചെയ്തത് രണ്ടു ട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തിൽ ട്വിറ്റർ എത്തിച്ചേർന്നത്. ഇതേ തുടർന്ന് ഫേസ്ബുക്കും സമാന നിലപാട് സ്വീകരിച്ചിരുന്നു.
Story Highlights- Trump Plans To Return To Social Media With His Own Platform