ഒന്നാം നിലയിൽനിന്ന് വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ജോലി നൽകി ഊരാളുങ്കൽ ലേബർ സൊസൈറ്റി

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽനിന്ന് തലകറങ്ങി താഴേക്ക് വീണ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസറ്റി തൊഴിലാളിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനമായി. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.
ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.
ഈ മാസം 18നാണ് സംഭവം നടക്കുന്നത്. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നിൽക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നിൽക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു. ഒരു കാലിലാണ് പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലിൽക്കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന മറ്റാളുകളും ബാങ്കിലെ ഗൺ മാൻ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി.
ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Story Highlights- ulccs gives job to baburaj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here