ഐപിഎൽ ടീം അവലോകനം; രാജസ്ഥാൻ റോയൽസ്

കഴിഞ്ഞ സീസൺ രാജസ്ഥാൻ റോയൽസ് ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു സീസൺ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് രാജസ്ഥാൻ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെൻ്റ് നിർബന്ധിതരായത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും ടീം ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാനുള്ള തീരുമാനമായിരുന്നു അതിൽ ശ്രദ്ധേയം. ഇതോടൊപ്പം പരിശീലകൻ ആൻഡ്രൂ മക്ഡോണാൾഡിനെയും നീക്കി. ടീം ക്യാപ്റ്റൻ എന്ന ഭാരിച്ച റോൾ മലയാളി താരം സഞ്ജുവിനെ ഏല്പിക്കാനുള്ള തീരുമാനം മറ്റൊരു ഞെട്ടലായി. ഒപ്പം, ലേലത്തിലും രാജസ്ഥാൻ ഞെട്ടിച്ചു.
16.25 കോടി രൂപ! ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ ടീമിലെത്തിക്കാൻ രാജസ്ഥാൻ റോയൽസ് മുടക്കിയത് ഇത്രയധികം തുകയാണ്. ജോഫ്ര ആർച്ചറിനു പകരം ന്യൂബോൾ ഷെയർ ചെയ്യാനും ഡെത്ത് ഓവറുകൾ കൈകാര്യം ചെയ്യാനും ലോവർ ഓർഡറിലെ ബാറ്റിംഗ് കരുത്ത് കൂട്ടാനും ക്രിസ് മോറിസിൻ്റെ ഉൾപ്പെടുത്തൽ സഹായിക്കുമെന്നുറപ്പാണ്. എന്നാൽ, ഇത്ര വലിയ തുക മുടക്കി മോറിസിനെ ടീമിൽ ഉൾപ്പെടുത്തണോ എന്ന ചോദ്യം ബാക്കിയാവുകയാണ്. താരം ഇഞ്ചുറി പ്രോൺ ആയതുകൊണ്ട് ആ ചോദ്യത്തിനു പ്രസക്തിയുണ്ട് താനും. ആർച്ചറിന് സീസണിലെ ആദ്യ പകുതി നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ നിലനിൽക്കെ രാജസ്ഥാൻ സൂക്ഷിക്കേണ്ടതുണ്ട്.
മോറിസ് ഉൾപ്പെടെ ലേലത്തിൽ രാജസ്ഥാൻ്റെ ഇടപെടലുകൾ മികച്ചതായിരുന്നു. തങ്ങളുടെ ദൗർബല്യം മനസ്സിലാക്കിയ രാജസ്ഥാൻ അതിനനുസരിച്ച് താരങ്ങളെ എത്തിച്ചു. ശിവം ദുബെയുടെ ഉൾപ്പെടുത്തൽ മികച്ച ഒരു നീക്കമായിരുന്നു. അനായാസം ബൗണ്ടറികൾ ക്ലിയർ ചെയ്യാൻ കഴിയുന്ന ദുബെ തൻ്റെ മീഡിയം പേസ് കൊണ്ടും ടീമിന് ഗുണം ചെയ്യും. മുസ്തഫിസുർ റഹ്മാനെ ഒരു കോടി രൂപയ്ക്കെത്തിച്ചത് വലിയ നേട്ടമാണ്. ആർച്ചർക്ക് പകരം ആവില്ലെങ്കിലും ഡെത്ത് ഓവറുകളിൽ മുസ്തഫിസുറിന് ഭേദപ്പെട്ട പ്രകടനം നടത്താനാവും. 75 ലക്ഷം രൂപയ്ക്ക് ലിയാം ലിവിങ്സ്റ്റണെ റാഞ്ചിയതും മോഷണമാണ്. മോറിസിനു കൊടുത്ത പണം മുസ്തഫിസുറിനെയും ലിവിങ്സ്റ്റണെയും കുറഞ്ഞ തുകയ്ക്ക് എടുത്തതിലൂടെ രാജസ്ഥാൻ ലാഭിച്ചു.
ഈ സീസണിൽ ലേഖകൻ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അൺകാപ്പ്ഡ് പ്ലയറാണ് ചേതൻ സക്കരിയ. കഴിഞ്ഞ മൂന്ന് വർഷമായി രാജസ്ഥാൻ ചേതനെ നിരീക്ഷിക്കുകയാണ്. 23കാരനായ ലെഫ്റ്റ് ആം പേസർ രാജസ്ഥാൻ റോയൽസിൻ്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് 1.20 കോടി രൂപയ്ക്ക് ടീമിൽ. മൂന്ന് വർഷം നിരീക്ഷിച്ച് ടീമിൽ എത്തിച്ച താരം ആയതുകൊണ്ട് തന്നെ ആകാംക്ഷ കൂടുതലാണ്.
കെസി കരിയപ്പ (20 ലക്ഷം), കുൽദീപ് യാദവ് (20 ലക്ഷം), ആകാശ് സിംഗ് (20) ലക്ഷം എന്നിവരാണ് രാജസ്ഥാനിലെത്തിയ മറ്റ് താരങ്ങൾ. അൺകാപ്പ്ഡ് താരങ്ങളാണ്. അടിസ്ഥാനവിലക്കാണ് മൂവരും എത്തിയത്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ആരാധകർക്ക് പ്രതീക്ഷ വെക്കാം. സഞ്ജു സാംസൺ മുൻപ് ഇന്ത്യ അണ്ടർ-19 ടീം ക്യാപ്റ്റനായിരുന്നു. ഇന്ത്യ ബോർഡ് പ്രസിഡൻ്റ് ഇലവൻ ടീം ക്യാപ്റ്റനായിരുന്നു. കേരളത്തിൻ്റെ വിവിധ ഏജ് ഗ്രൂപ്പ്, സീനിയർ ടീം ക്യാപ്റ്റനായിരുന്നു. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി സഞ്ജുവിന് പുതുമയല്ല. എന്നാൽ, ഐപിഎൽ പോലെ ഇൻ്റൻസായ, ഉയർന്ന നിലവാരത്തിലുള്ള, ബുദ്ധിമുട്ടേറിയ ഒരു ടൂർണമെൻ്റിൽ സഞ്ജു എങ്ങനെ ക്യാപ്റ്റൻസി നിർവഹിക്കും? ഫിംഗേഴ്സ് ക്രോസ്ഡ്!
ആദ്യ മത്സരങ്ങളിലെ സാധ്യതാ ടീം
യശസ്വി ജയ്സ്വാൾ
ജോസ് ബട്‌ലർ
സഞ്ജു സാംസൺ
ബെൻ സ്റ്റോക്സ്
റിയൻ പരഗ്
ശിവം ദുബെ
രാഹുൽ തെവാട്ടിയ
ക്രിസ് മോറിസ്/ഡേവിഡ് മില്ലർ
ശ്രേയാസ് ഗോപാൽ
ജോഫ്ര ആർച്ചർ/മുസ്തഫിസുർ റഹ്മാൻ
കാർത്തിക് ത്യാഗി/ചേതൻ സക്കരിയ
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here