ഭീമ കൊറെഗാവ് കേസ്; ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

NIA Bail Stan Swamy

ഭീമ കൊറേഗാവ് കേസിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എൻഐഎ പ്രത്യേക കോടതി തള്ളി. പാർക്കിൻസൺ അസുഖം അടക്കം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷയെ എൻഐഎ ശക്തമായി എതിർത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താൻ സ്റ്റാൻ സ്വാമി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. സന്നദ്ധ സംഘടനകൾക്ക് എതിരായ കേന്ദ്രസർക്കാർ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു.

Read Also : ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭ; ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ കടന്നുപോകുന്നത് വലിയ സമ്മർദത്തിലൂടെ

ഭീമ കൊറേഗാവ് കേസിൽ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവർത്തകരേയും രണ്ടുവർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. നിലവിൽ കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്റ്റാൻ സ്വാമി. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാൻ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മലയാളിയായ സ്റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിൽ ആദിവാസികൾക്കിടയിലാണ് പ്രവർത്തിക്കുന്നത്.

Story Highlights- NIA Court Refuses Bail To Stan Swamy In Bhima Koregaon Case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top