ഗുരുവായൂരിൽ ബിജെപി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാൻ സാധ്യത

ഗുരുവായൂരിൽ പിന്തുണ നീക്കവുമായി ബിജെപി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ദിലീപ് നായരെ ബിജെപി പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് പുതിയ നീക്കം. ഇന്നലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രതിനിധികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എൻഡിഎയിലേക്ക് കക്ഷി ചേരുന്നതടക്കമുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ സ്ഥാനാർത്ഥിയെ തന്നെ പിന്തുണയ്ക്കാനാണ് നീക്കം. അതിനുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂർണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം വരുന്നത് വരെ പൂർണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നതാണ് ഭരണഘടനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഇതിനോട് യോജിക്കുകയായിരുന്നു കോടതി. ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഹർജിയും ഹൈക്കോടതി തള്ളി.
Story Highlights- BJP is likely to support the Democratic Social Justice Party in Guruvayur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here