മാധ്യമങ്ങളിൽ മൊഴിയെന്ന പേരിൽ വന്നത് ശുദ്ധ അസംബന്ധം : സ്പീക്കർ ശ്രീരാമകൃഷ്ണൻ

മാധ്യമങ്ങളിൽ ‘മൊഴി’ എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കർ പുറത്തുവിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
‘ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്. പ്രവാസികളായ ഇത്തരം പലരേയും കണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല’- ശ്രീരാമകൃഷ്ണൻ പറഞ്ഞു.
മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ടോളം മൊഴികൾ നൽകിയതായാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പുതിയ കെട്ടുകഥകൾ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണമെന്ന് സ്പീക്കർ പറഞ്ഞു. ഏത് തരം അന്വേഷണത്തിനും തയാറാണെന്നും. എന്നാൽ അത് സത്യസന്ധവും നിയമപരവുമായിരിക്കണമെന്നും അല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും പൊതുജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ വിശദീകരണ കുറിപ്പെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
Story Highlights- speaker sreeramakrishnan against swapna statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here