വായ്പ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികളില്‍ വിധി പറയുന്നത്.
കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍, ഈമാസം മുപ്പത്തിയൊന്ന് വരെ നീട്ടണമെന്ന് മറ്റൊരു ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂട്ടുപലിശ തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സുപ്രിംകോടതി നിലപാട് നിര്‍ണായകമാണ്.
Story Highlights- Supreme Court- moratorium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here