Advertisement

ഉത്തരമലബാറിലെ കടലിൽ വില്ലനായി ജെല്ലി ഫിഷുകൾ ; മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ

March 29, 2021
Google News 2 minutes Read

ജെല്ലി ഫിഷുകൾ ഉത്തര മലബാറിലെ കടലിൽ വില്ലനായി മാറിയിരിക്കുന്നു. കൂട്ടത്തോടെ കാണുന്ന ജെല്ലി ഫിഷുകളുടെ ആക്രമണത്തെ പേടിച്ച് കടലിൽ പോകാൻ കഴിയാതെ പ്രതിസന്ധിയിലാണ് മൽസ്യത്തൊഴിലാളികൾ. വല നശിപ്പിക്കുക മാത്രമല്ല , ഇവയുടെ ആക്രമണം തൊഴിലാളികളുടെ ജീവൻ വരെ അപകടത്തിലാക്കും. വെള്ളയും, ചുവപ്പും നിറത്തിൽ കടലിൽ ഒറ്റയ്ക്കും കൂട്ടമായും കാണുന്ന ജെല്ലി ഫിഷുകൾ മൽസ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ഇവ അപകടകാരികളാണ്.

കാഴ്ചയിൽ കൗതുകവും ഭംഗിയും തോന്നുമെങ്കിലും വിഷവാഹകരാണ് ഈ ജെല്ലി ഫിഷുകൾ. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ കോശങ്ങൾ എന്നിവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ജെല്ലി ഫിഷിന്റെ ശരീരത്തുള്ളത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വിഷമായതിനാൽ കടലിൽ വച്ച് കുത്തേറ്റ വ്യക്തിയെ കരയ്‌ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിക്കാം. രക്ഷപ്പെടുകയാണെങ്കിൽ ആഴ്‌ചകളോളം കടുത്ത ശരീര വേദന അനുഭവപ്പെടും.

ഇവ കൂട്ടത്തോടെ വലയിൽ കയറിയാൽ വെള്ളം വാർന്നു പോകാതെ വല പൊട്ടിപ്പോകും. ഇത്തരത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടുത്ത ഭീഷണിയാവുകയാണ് ജെല്ലി ഫിഷുകൾ. ഒന്നരകിലോ വരെയാണ് പൂർണ്ണ വളർച്ചയെത്തിയ ജെല്ലി ഫിഷിന്റെ ഭാരം. ചെറു മൽസ്യങ്ങൾ , ചെമ്മീൻ ,വിരകൾ എന്നിവയാണ് ഭക്ഷണം. പരമാവധി രണ്ടു വർഷം വരെ ആയുസ്സ്.

സമീപകാലത്തായി ഉത്തരമലബാറിലെ കടലിൽ ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നു. കടലിലെ കാലാവസ്ഥ മാറ്റമാകാം ഇവയുടെ സാന്നിധ്യത്തിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. പരമ്പരാഗത മോട്ടോർ വള്ളങ്ങളിൽ മൽസ്യബന്ധനം നടത്തുന്നവർക്ക് ഇവ പ്രതിസന്ധി സൃഷ്ടിക്കുന്നു.

Story Highlights: As jellyfish blooms increase in North Kerala , fishers to pause work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here