സന്ദീപ് നായരെ ചോദ്യം ചെയ്ത നടപടിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ്

sandeep nair about gold smuggling process

സ്വര്‍ണക്കടത്ത് കേസിലെ മാപ്പുസാക്ഷി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത നടപടിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് കോടതിയെ കബളിപ്പിച്ചുവെന്നാണ് വാദം. ഇക്കാര്യത്തില്‍ ഇഡിയുടെ അനുമതി തേടിയില്ലെന്ന കാര്യവും ഏജന്‍സി ചൂണ്ടിക്കാട്ടി. പരാതിയുടെ പകര്‍പ്പും ഇ ഡിക്ക് നല്‍കിയിട്ടില്ല.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്ദീപ് നായരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. സന്ദീപിനെ ഏഴ് ദിവസം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.

സന്ദീപ് നായരുടെ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സന്ദീപിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനില്‍ എന്ന അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Story Highlights: sandeep nair, enforcement directorate, crime branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top