14 തവണ യാത്ര നിഷേധിച്ചു; അന്ധയായ സ്ത്രീക്ക് ഊബർ നൽകേണ്ടത് 7.33 കോടി

അന്ധയായ സ്ത്രീക്കും അവരുടെ വളർത്തു നായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ റൈഡ് ഷെയർ ആപ്പായ ഊബറിന് 1.1 ദശലക്ഷം അമേരിക്കൻ ഡോളർ (7.33 കോടി രൂപ ) പിഴ. ഊബറിന്റെ ഡ്രൈവർമാർ സ്ത്രീയോട് പല ദിവസങ്ങളിലായി 14 തവണ വിവേചനം കാട്ടിയിരുന്നു. ലിസ ഇർവിങ് എന്ന കാലിഫോർണിയ സ്വദേശിനിയാണ് 2016 മുതൽ 2018 വരെ പലതവണയായി തനിക്ക് യാത്ര നിഷേധിച്ചെന്നും ഡ്രൈവർമാർ മോശമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നൽകിയത്.

തന്നെ അവർ നിന്ദിച്ചെന്നും അപമാനിച്ചെന്നും ലിസ ആരോപിച്ചു. താൻ വിവേചനം നേരിട്ടതായും നാണം കെടുത്തപ്പെട്ടതായും അതിനാൽ ദേഷ്യവും നിരാശയും തോന്നിയതായും ഒരു വീഡിയോ പ്രസ്താവനയിലൂടെ തുറന്നടിച്ചു. ഒരു ഡ്രൈവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താൻ സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുകയും ചെയ്‌തെന്നും അവർ കൂട്ടിച്ചേർത്തു. ലിസ ഇർവിങിന് 324,000 ഡോളർ നഷ്ടപരിഹാരവും അറ്റോർണ്ണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറിൽ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകർ വെളിപ്പെടുത്തി.

ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്റെ(എഡിഎ) കീഴിൽ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്റെ വാദം മധ്യസ്ഥൻ തള്ളി. ഡ്രൈവർമാരുമായുള്ള കരാർ ബന്ധത്തിന്റെ ഫലമായി ഊബർ ഐഡിഎ യ്ക്ക് വിധേയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതെസമയം തങ്ങൾ വിധിയോട് വിയോജിക്കുന്നുവെന്നും വഴിക്കാട്ടുന്നതടക്കമുള്ള സേവനങ്ങൾ ചെയ്യുന്ന വളർത്തു മൃഗങ്ങളുമായി വരുന്നവർക്ക് യാത്ര നിക്ഷേധിക്കുന്ന ഡ്രൈവർമാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിലക്കുന്നുണ്ടെന്നും ഊബറിന്റെ വക്താവ് വിശദീകരിച്ചു.

Story Highlights: Uber Ordered To Pay $1.1 Million After Blind Woman Says She Was Refused Service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top