പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നാളെ കഴിഞ്ഞാല്‍ നിര്‍ണായക വിധിയെഴുത്ത്

kerala election date declared

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്. അവസാനവട്ട അടിയൊഴുക്കും തങ്ങള്‍ക്കനുകൂലമാക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈസി വാക്കോവര്‍ സൂചന നല്‍കിയ മണ്ഡലങ്ങള്‍ പലതും ഇന്ന് മുന്നണികളുടെ നെഞ്ചിടിപ്പായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ മുക്കുമൂലകളില്‍ ഓടിയെത്തി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

ദേശീയ നേതാക്കളെ ഉള്‍പ്പെടെ കളത്തിലറക്കി രംഗം കൊഴുപ്പിച്ച മുന്നണികള്‍ പ്രദേശിക തലങ്ങളില്‍ നിന്നുളള കണക്കുകള്‍ കൂട്ടിയും കിഴിച്ചും അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ്. വിവാദങ്ങളെ വികസന വിഷയങ്ങളുയര്‍ത്തി പ്രതിരോധിച്ച ഇടതുമുന്നണി തുടര്‍ ഭരണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അഭിപ്രായ സര്‍വേകളെ പ്രതീക്ഷയോടെ കാണുമ്പോഴും അപ്രതീക്ഷിത അടിയൊഴുക്കുകളെ മറികടക്കാനുളള ജാഗ്രതയിലാണ് ഇടതു മുന്നണി.

തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രതിപക്ഷം പരമ്പരാഗത ന്യൂനപക്ഷ നിഷ്പക്ഷ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുളള തീവ്രശ്രമത്തിലാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിക്കുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ക്രമാനുഗതമായ വളര്‍ച്ചയിലാണ് ബിജെപിയുടെ പ്രതീക്ഷ. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്ടിക്കാനായതും ദേശീയ നേതാക്കളുടെ കുത്തൊഴുക്കും വലിയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍. വാക്‌പോരുകളും വാദപ്രതിവാദങ്ങളും കത്തിനിന്ന പ്രചാരണത്തിന് ഇന്ന് തിരശീല വീഴും.

Story Highlights: assembly elections 2021, campaign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top