രാജ്യാന്തര അംഗീകാരം നേടി പൂനെയിലെ ജിഎംആർടി റേഡിയോ ടെലസ്കോപ്

പൂനെയിൽ സ്ഥിതി ചെയ്യുന്ന ജിഎംആർടി റേഡിയോ ടെലസ്കോപിന് ആഗോള എൻജിനീയർമാരുടെ കൂട്ടായ്മ ഐഇഇഇ പുരസ്‌കാരം നൽകി ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് (IEEE) ആണ് ഇന്ത്യയുടെ അഭിമാനമായ ജയന്റ് മീറ്റർവേവ് റേഡിയോ ടെലസ്കോപിന് (GMRT) ന് ഐഇഇഇ മൈൽസ്റ്റോൺ ഫലകം സമ്മാനിച്ചിരിക്കുന്നത്. മാനവികതക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപുകളിലൊന്നായ ജിഎംആർടി ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.

1996 മുതലാണ് പൂനെയിൽ ജിഎംആർടി പ്രവർത്തനം ആരംഭിച്ചത്. ഏതാണ്ട് 30 ചതുരശ്ര കിലോമീറ്ററിലായി 30 ആന്റിനകളാണ് ഈ റേഡിയോ ടെലസ്കോപിനുവേണ്ടി സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 16 ആന്റിനകൾ Y രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള 16 എണ്ണം അടുത്തടുത്തായി വെച്ചിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫണ്ടമെന്റൽ റിസർച്ചും നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്‌സും ചേർന്നാണ് ഈ ടെലസ്കോപിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രപഞ്ച ശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരുമെല്ലാം ആഗോളതലത്തിൽ ഈ ടെലസ്കോപിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്. മറ്റു താരപഥങ്ങളിലെ ന്യുട്രൽ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കാണ് ഈ ടെലസ്കോപ് വഹിച്ചത്. ചൊവ്വ ദൗത്യം അടക്കമുള്ള പല ബഹിരാകാശ ദൗത്യങ്ങളിലും ഈ ടെലസ്കോപിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഗുണകരമായ പങ്കുവഹിച്ചിട്ടുണ്ട്. റേഡിയോ ജ്യോതിശാസ്ത്രത്തിൽ ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന പ്രൊഫ. ഗോവിന്ദ് സ്വരൂപിന്റെ നേതൃത്വത്തിലാണ് ഈ ടെലസ്കോപ് സ്ഥാപിക്കപ്പെട്ടത്.

Story Highlights: global body of engineers picked Pune Radio telescope for rare Honour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top