ദേവ്ദത്ത് പടിക്കലിന് കൊവിഡ് പോസിറ്റീവ്; ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു

RCB’s Devdutt Padikkal COVID

ആശങ്ക ഉണർത്തി ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. ഏറ്റവും അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദേവ്ദത്ത് ക്വാറൻ്റീനിലാണ്. ദേവ്ദത്ത് കളിച്ചില്ലെങ്കിൽ കോലിക്കൊപ്പം അസ്‌ഹറുദ്ദീൻ ആവും ആർസിബിക്കായി ഓപ്പണറാവുക.

നിലവിൽ മൂന്നാമത്തെ താരത്തിനാണ് ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം നെഗറ്റീവ് ആയെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്സർ പട്ടേലും കൊവിഡ് ബാധിതനാണ്. ഇതോടൊപ്പം, മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ സ്റ്റാഫുകളിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയധികം കൊവിഡ് ബാധകൾ റിപ്പോർട്ട് ചെയ്തെങ്കിലും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്നാണ് ബിസിസിഐ സൂചിപ്പിച്ചിരിക്കുന്നത്.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: RCB’s Devdutt Padikkal tests positive for COVID

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top