Advertisement

സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ കപ്പലിന് രക്ഷകനായത് പൂർണ്ണചന്ദ്രനും; ശരിവെച്ച് നാസ

April 5, 2021
Google News 5 minutes Read

സൂയസ് കനാലിനെ പ്രതിസന്ധിയിലാക്കിയ ചരക്കുകപ്പൽ നീക്കം ചെയ്തതിന് പിന്നിൽ പൂർണ്ണചന്ദ്രന്റെ സഹായവുമുണ്ടെന്ന് റിപ്പോർട്ടുകൾ. നാസയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് മാസത്തിലെ പൂർണ്ണ ചന്ദ്രന്റെ സഹായം കൊണ്ട് കൂടിയാണ് കനാലിൽ കുടുങ്ങിപോയ കപ്പൽ നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷത്തിൽ 12 -13 പൂർണ്ണ ചന്ദ്രന്മാരാണ് ഉണ്ടാകാറുള്ളത്. ഇതിൽ 6-8 വരെയുള്ള പൂർണ്ണ ചന്ദ്രന്മാർ വേലിയേറ്റത്തിന് കാരണമാകും. കപ്പൽ നീന്തിതുടങ്ങിയ തിങ്കളാഴ്ച ദിവസത്തെ പൂർണ്ണ ചന്ദ്രന്റെ സമയത്തും വേലിയേറ്റമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പൂർണ്ണ ചന്ദ്രൻ കാരണം അന്ന് 18 ഇഞ്ച് ( 46 സെന്റീമീറ്റർ) ആണ് തിരമാലകൾ അധികമായി ഉയർന്നത്. തിരമാലകളുടെ ഈ ഉയർച്ച രക്ഷാപ്രവർത്തനത്തെ സുഗമമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന സമയത്താണ് വേലിയേറ്റമുണ്ടാകുകയെന്ന് സിഎൻഎൻ മെറ്ററോളജിസ്റ്റ് ജൂഡ്സൺ ജോൺസ് പറഞ്ഞു. വേലിയേറ്റ സമയത്ത് തിരമാലകളുടെ ഉയരം കൂടുന്നത് അസാധാരണമായ കാര്യമല്ലെന്നും ഈ തിരമാലകൾ രക്ഷാദൗത്യത്തിന് സഹായിച്ചു എന്നതിൽ തർക്കമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ 4 സൂപ്പർ മൂണുകളിൽ ഒന്നാണ് മാർച്ചിൽ ഉദിച്ചത്.

സൂയസ് കനാലിൽ മാർച്ച് 23 നാണ് 400 മീറ്റർ നീളമുള്ള എവർ ഗിവൺ എന്ന കപ്പൽ കുടുങ്ങിയത്. തുടർന്ന് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം പൂർണ്ണമായും നിലച്ചു. ആറ് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിലാണ് കപ്പൽ നീക്കം ചെയ്തത്.

Story Highlights: Full Moon Helped Free The Stuck Ship Ever Given In The Suez Canal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here