ഭീതിയുടെ കാഴ്ചയൊരുക്കി ‘ചതുർമുഖം’

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രമായ ചതുർമുഖം പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ നാലാമതൊരു മുഖം അതാണ് ഈ ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. അതൊരു വ്യക്തിയല്ല എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ് എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നു. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

അഞ്ചര കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമ മേഖല ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാ സന്ദര്‍ഭവും ചിത്രീകരണ രീതിയുമാണ് ചതുര്‍മുഖത്തിന്റേത്.

Read Also :മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം; ‘ചതുർമുഖം’ പ്രദർശനത്തിനെത്തി

Story Highlights: ‘Chathur Mukham’ Malayalam Movie A well Made Horror- Thriller

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top